ഗട്ടൂസോയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആഞ്ചലോട്ടി, പ്രതികരണവുമായി ഗട്ടൂസോ!

ഇന്ന് സ്പാനിഷ് സൂപ്പർ കപ്പിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. വലൻസിയയാണ് റയലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. സൗദി അറേബ്യയിലെ റിയാദിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക.

നിലവിൽ വലൻസിയയെ പരിശീലിപ്പിക്കുന്നത് ഇതിഹാസ താരമായിരുന്ന ഗെണ്ണാരോ ഗട്ടൂസോയാണ്. റയലിന്റെ പരിശീലകനായ ആഞ്ചലോട്ടിയും ഗട്ടൂസോയും മുഖാമുഖം വരുന്നു എന്ന പ്രത്യേകത ഈ മത്സരത്തിനുണ്ട്. എന്തെന്നാൽ മുമ്പ് എസി മിലാനിൽ ആഞ്ചലോട്ടിക്ക് കീഴിൽ ഗട്ടൂസോ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗട്ടൂസോയെ കുറിച്ച് പത്രസമ്മേളനത്തിൽ ആഞ്ചലോട്ടി ചില കാര്യങ്ങൾ പറഞ്ഞിരുന്നു.

ഗട്ടൂസോയുമായി തനിക്ക് പേഴ്സണൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നായിരുന്നു ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” ഞങ്ങൾക്ക് എസി മിലാനിൽ നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു.കാരണം ഞങ്ങൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നു.പക്ഷേ ഞങ്ങൾ തമ്മിലുള്ള ബന്ധം എപ്പോഴും നല്ല രീതിയിൽ ആയിരുന്നില്ല.ഞങ്ങൾക്കിടയിൽ പേഴ്സണൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല ” ഇതായിരുന്നു ആഞ്ചലോട്ടി പറഞ്ഞിരുന്നത്.

എന്നാൽ ഇതെല്ലാം നിഷേധിച്ചുകൊണ്ട് ഗട്ടൂസോ ഇതിന് മറുപടി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” ഞങ്ങൾക്ക് പേഴ്സണൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് അദ്ദേഹം. ഒരു വ്യക്തി എന്ന നിലയിലും കായികതാരം എന്ന നിലയിലും എനിക്ക് അദ്ദേഹത്തോട് വളരെയധികം ബഹുമാനമുണ്ട് ” ഇതാണ് ഗട്ടൂസോ പറഞ്ഞിട്ടുള്ളത്.

ഏതായാലും ആശാനും ശിഷ്യനും മുഖാമുഖം വരുമ്പോൾ വിജയം ആർക്കൊപ്പം ആയിരിക്കും എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *