കോർട്ടുവക്കെതിരെയുള്ള ആക്രമണം,അത്ലറ്റിക്കോ ആരാധകന് മുട്ടൻ പണികിട്ടി!

കഴിഞ്ഞ മാഡ്രിഡ് ഡെർബിയിൽ അസാധാരണമായ സംഭവവികാസങ്ങളാണ് അരങ്ങേറിയത്.അത്ലറ്റിക്കോ മാഡ്രിഡിന്റെ മൈതാനത്ത് വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.റയൽ മാഡ്രിഡ് ഗോൾ നേടിയതിന് പിന്നാലെ കോർട്ടുവ അത്ലറ്റിക്കോ ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് ആഘോഷിച്ചിരുന്നു.ഇത് ആരാധകർക്ക് ഒട്ടും പിടിച്ചിരുന്നില്ല. അവർ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയായിരുന്നു.

കോർട്ടുവക്ക് നേരെ സാധനസാമഗ്രികൾ എറിഞ്ഞു കൊണ്ടാണ് അവർ പ്രതിഷേധം നടത്തിയത്.കത്തി,ലൈറ്റർ, മാലിന്യങ്ങൾ എന്നിവയൊക്കെയാണ് കോർട്ടുവക്ക് നേരെ വലിച്ചെറിഞ്ഞത്. ഇതേ തുടർന്ന് മത്സരം നിർത്തിവെക്കുകയും ചെയ്യേണ്ടിവന്നു.പിന്നീട് ഒരു ഇടവേളക്ക് ശേഷമാണ് മത്സരം പുനരാരംഭിച്ചത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ നേടിക്കൊണ്ട് സമനിലയിൽ പിരിയുകയും ചെയ്തു.

ആരാധകരുടെ ആക്രമണങ്ങളെ തുടർന്ന് മത്സരം നിർത്തി വെക്കേണ്ടി വന്നത് വലിയ വിവാദമായിരുന്നു. ഈ സംഭവങ്ങൾ അത്ലറ്റിക്കോക്ക് നാണക്കേട് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് പോലീസുമായി സഹകരിച്ചുകൊണ്ട് അന്വേഷണം നടക്കുന്നുണ്ട്.കോർട്ടുവക്ക് നേരെ സാധനങ്ങൾ വലിച്ചെറിഞ്ഞ ഒരു ആരാധകനെ ഇവർ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ക്ലബ്ബ് കടുത്ത ശിക്ഷയാണ് അദ്ദേഹത്തിന് നൽകിയത്.ലൈഫ്ടൈം ബാൻ അദ്ദേഹത്തിന് നൽകുകയായിരുന്നു. അതായത് ഇനി ജീവിതകാലത്ത് ഒരിക്കൽ പോലും അത്ലറ്റിക്കോയുടെ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ആരാധകന് അനുമതി ഉണ്ടായേക്കില്ല.

ഇതിൽ പങ്കാളികളായ കൂടുതൽ ആരാധകരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പോലീസും ക്ലബ്ബും നടത്തുന്നത്. കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് അത്ലറ്റിക്കോ തങ്ങളുടെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.ഏതായാലും വരും ദിവസങ്ങളിൽ കൂടുതൽ ആരാധകർക്കെതിരെ നടപടികൾ ഉണ്ടാകും. എപ്പോഴും വിവാദ സംഭവങ്ങളിൽ ഉൾപ്പെടുന്ന ആരാധകരാണ് അത്ലറ്റിക്കോ ആരാധകർ. സമീപകാലത്ത് വിനീഷ്യസിനെതിരെ അവർ വംശീയമായ അധിക്ഷേപം നടത്തിയത് വലിയ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *