കോന്റെയും പരിഗണനയിൽ, സിദാന് പകരക്കാരനാവാൻ ഈ മൂന്ന് പേർ!

റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ ക്ലബ്ബിന്റെ പരിശീലകസ്ഥാനമൊഴിയുമെന്നുള്ളത് ഏറെക്കുറെ ഉറപ്പായി വരികയാണ്. അത്കൊണ്ട് തന്നെ സിദാന്റെ പകരക്കാരനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്‌. ഈ സീസണിൽ ഒരൊറ്റ കിരീടം പോലും നേടാത്ത റയലിന് ഒരു തിരിച്ചു വരവ് അത്യാവശ്യമാണ്. അത്കൊണ്ട് തന്നെ മികച്ച ഒരു പരിശീലകനെ റയലിന് ഏറ്റവും കൂടുതൽ ആവിശ്യമായ സമയമാണിപ്പോൾ. സിദാന്റെ സ്ഥാനത്തേക്ക് നിലവിൽ മൂന്ന് പേരെയാണ് റയൽ പരിഗണിക്കുന്നത്.

പുതുതായി ഈ ലിസ്റ്റിലേക്ക് എത്തിചേർന്നത് അന്റോണിയോ കോന്റെയാണ്. ഇന്ററിന് 11 വർഷത്തിന് ശേഷം ലീഗ് കിരീടം നേടികൊടുത്ത കോന്റെ കഴിഞ്ഞ ദിവസം പരിശീലകസ്ഥാനം ഒഴിയുകയായിരുന്നു. അതിനാൽ തന്നെ നിലവിൽ അദ്ദേഹത്തെ റയൽ പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ റയലിന്റെ മുൻഗണന മാസ്സിമിലിയാനോ അല്ലെഗ്രിക്കാണ് എന്നാണ് സ്പാനിഷ് മാധ്യമമായ മാർക്ക ചൂണ്ടികാണിക്കുന്നത്. ആദ്യതവണ സിദാൻ രാജിവെച്ച അന്ന് തന്നെ അല്ലെഗ്രിക്ക് വേണ്ടി റയൽ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് അല്ലെഗ്രി സിരി എയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. അല്ലെഗ്രിയെ എത്തിക്കാനായിരിക്കും റയൽ ഏറ്റവും കൂടുതൽ ശ്രമിക്കുക.

മറ്റൊരു പരിശീലകൻ ഇതിഹാസതാരമായ റൗൾ ആണ്.നിലവിൽ അദ്ദേഹം കാസ്റ്റില്ലയുടെ പരിശീലകനാണ്. മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റെ കീഴിൽ യൂത്ത് ടീമുകൾ കാഴ്ച്ചവെക്കുന്നത്. മറ്റു പരിശീലകരെ ലഭ്യമായില്ല എങ്കിൽ റൗൾ റയലിനെ പരിശീലിപ്പിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *