കൂമാൻ ബാഴ്സയുടെ കോച്ചാവും, അന്ന് ലാലിഗ തുല്യമാവും, അത്ഭുതമായി ആറു വർഷം മുമ്പുള്ള വലൻസിയ ക്യാപ്റ്റന്റെ പ്രവചനം !

ഈ സീസണിലായിരുന്നു എഫ്സി ബാഴ്സലോണയുടെ പരിശീലകനായി റൊണാൾഡ് കൂമാൻ ചുമതലയേറ്റത്. പുറത്താക്കപ്പെട്ട കീക്കെ സെറ്റിയന്റെ സ്ഥാനത്തേക്കാണ് കൂമാന്റെ കടന്നു വരവ്. എന്നാൽ മോശം പ്രകടനം തന്നെയാണ് കൂമാന്റെ ബാഴ്സയും കാഴ്ച്ചവെക്കുന്നത്. പ്രത്യേകിച്ച് ലാലിഗയിൽ നാലു തോൽവികളാണ് ബാഴ്സ ഇതുവരെ വഴങ്ങിയത്. പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ ബാഴ്‌സ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്.എന്നാൽ ഇക്കാര്യങ്ങൾ ആറു വർഷം മുമ്പ് പരിഹാസരൂപേണ പ്രവചിച്ചു കൊണ്ട് താരമായിരിക്കുകയാണ് മുൻ വലൻസിയ ക്യാപ്റ്റൻ.

മുമ്പ് വലൻസിയയെ നയിച്ചിരുന്ന ഡേവിഡ് അൽബെൽഡയാണ് ഈ പ്രവചനം നടത്തിയിരുന്നത്. 2014 ജനുവരി ഒമ്പതിനുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ” ഇന്ന് ആളുകൾ കൂമാനെ പറ്റി സംസാരിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഒരു ദിവസം അദ്ദേഹം ബാഴ്സയെ പരിശീലിപ്പിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അന്ന് ലാലിഗ കൂടുതൽ തുല്യമാവും ” ഇതായിരുന്നു ട്വീറ്റ്. നിലവിൽ സ്പാനിഷ് മാധ്യമങ്ങൾ വലിയ തോതിൽ ഈ ട്വീറ്റിനെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

കൂമാന് ബാഴ്‌സയിൽ തിളങ്ങാൻ കഴിയില്ലെന്നും അത്കൊണ്ട് തന്നെ ബാഴ്സക്ക്‌ ലീഗിൽ ആധിപത്യം പുലർത്താൻ സാധിക്കില്ലെന്നും അതുവഴി ലീഗിലെ ക്ലബുകൾ എല്ലാവരും ഒരേ തലത്തിൽ ഉള്ളവരാകുമെന്നാണ് ഇദ്ദേഹം ” ലീഗ് കൂടുതൽ തുല്യമാവും ” എന്ന പ്രയോഗത്തിലൂടെ ഉദ്ദേശിച്ചത്. അത്പോലെ തന്നെയാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും ബാഴ്സ ഒമ്പതാം സ്ഥാനത്താണ് തുടരുന്നത്. റയൽ സോസിഡാഡ്, വിയ്യാറയൽ എന്നിവരൊക്കെ ആദ്യ നാലിൽ ഇടം നേടിയിട്ടുമുണ്ട്. മുമ്പ് വലൻസിയയെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. അന്ന് 34 ലീഗ് മത്സരങ്ങളിൽ 11 എണ്ണം മാത്രമാണ് കൂമാന് വിജയിക്കാൻ സാധിച്ചിരുന്നത്. പതിനഞ്ചാം സ്ഥാനത്താണ് അന്ന് വലൻസിയ ഫിനിഷ് ചെയ്തത്. തുടർന്ന് കൂമാനെ ഇവർ പുറത്താക്കിയിരുന്നു. അന്ന് ഡേവിഡ് അൽബെൽഡ വലൻസിയയിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *