ഒരു അറേബ്യൻ റയൽ മാഡ്രിഡ് പടുത്തുയർത്തണം, വലിയ പദ്ധതികളുമായി അൽ നസ്സ്ർ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ കഴിഞ്ഞത് അൽ നസ്സ്റിന് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. കൂടുതൽ സൂപ്പർതാരങ്ങളെ ഇതിലൂടെ ഇനി സ്വന്തമാക്കാൻ കഴിയും എന്നുള്ള കോൺഫിഡൻസ് ഈ സൗദി അറേബ്യൻ ക്ലബ്ബിനുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ സൂപ്പർ താരങ്ങൾക്ക് വേണ്ടിയും വെറ്ററൻ താരങ്ങൾക്ക് വേണ്ടിയും അൽ നസ്സ്ർ ശ്രമങ്ങൾ നടത്തുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ഒരു അറേബ്യൻ റയൽ മാഡ്രിഡ് പടുത്തുയർത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ അൽ നസ്സർ ഉള്ളത്.അതിന്റെ ആദ്യ പടിയായി കൊണ്ടാണ് ഇപ്പോൾ റയൽ മാഡ്രിഡ് ഇതിഹാസമായ റൊണാൾഡോയെ അവർ സ്വന്തമാക്കിയിട്ടുള്ളത്.

ഇനി അവർ ലക്ഷ്യം വെച്ചിരിക്കുന്നത് റയൽ മാഡ്രിഡിന്റെ മുൻ നായകനായിരുന്ന സെർജിയോ റാമോസിനെയാണ്. അദ്ദേഹത്തിന്റെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണോടുകൂടി അവസാനിക്കും. കരാർ പുതുക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ കഴിയും എന്നുള്ള പ്രതീക്ഷ ഈ സൗദി ക്ലബ്ബിനുണ്ട്.

മറ്റൊരു താരം ലൂക്ക മോഡ്രിച്ചാണ്. അദ്ദേഹം നിലവിൽ റയലിനു വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ആകർഷകമായ ഒരു ഓഫർ ഈ ക്ലബ്ബ് അദ്ദേഹത്തിന് നൽകിയിരുന്നുവെങ്കിലും മോഡ്രിച്ച് അത് നിരസിച്ചിരുന്നു. ഒരു വർഷം കൂടി റയലിൽ തുടരാൻ കഴിയും എന്നാണ് മോഡ്രിച്ച് പ്രതീക്ഷിക്കുന്നത്.അതിനുശേഷം താരത്തിനു വേണ്ടി ശ്രമങ്ങൾ നടത്താൻ അൽ നസ്സ്റിന് പദ്ധതികളുണ്ട്. ഈ മൂന്ന് താരങ്ങളെയും ഒരുമിപ്പിച്ചു കൊണ്ടാണ് ഒരു അറേബ്യൻ റയൽ മാഡ്രിഡ് സൃഷ്ടിക്കാൻ അൽ നസ്സ്ർ ഒരുങ്ങുന്നത്.

കഴിഞ്ഞ കുറച്ചു വർഷമായി യൂറോപ്പിനെ അടക്കി ഭരിക്കാൻ കഴിഞ്ഞിട്ടുള്ള ടീമാണ് റയൽ മാഡ്രിഡ്. ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം അവർ സ്വന്തമാക്കിയത് പലർക്കും അത്ഭുതമായിരുന്നു. അത്തരത്തിൽ ഏഷ്യയിൽ ഒരു ആധിപത്യം പുലർത്താൻ കൂടി ഇപ്പോൾ അൽ നസ്സ്ർ ലക്ഷ്യം വെക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *