ഒടുവിൽ സുവാരസ് കോവിഡിൽ നിന്നും മുക്തനായി, അത്‌ലെറ്റിക്കോ മാഡ്രിഡിന് ആശ്വാസം !

രണ്ടാഴ്ച്ചയോളം കോവിഡ് ബാധിതനായി ക്വാറന്റയിനിൽ കഴിഞ്ഞ സൂപ്പർ താരം ലൂയിസ് സുവാരസ് കോവിഡിൽ നിന്നും മുക്തനായി. ഇന്നലെയാണ് താരത്തിന്റെ പുതിയ പരിശോധനഫലം പുറത്ത് വന്നത്. ഫലം നെഗറ്റീവ് ആയതായി സ്ഥിരീകരിക്കപ്പെടുകയായിരുന്നു. ഇതോടെ ഇന്ന് നടക്കുന്ന പരിശീലനത്തിൽ ടീമിനൊപ്പം പങ്കെടുക്കാൻ ലൂയിസ് സുവാരസിന് സാധിച്ചേക്കും.കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ ഉറുഗ്വക്കൊപ്പം കളിക്കുന്നതിനിടെയാണ് താരത്തിന് കോവിഡ് പിടിപ്പെട്ടത്. തുടർന്ന് താരം സ്പെയിനിലേക്ക് തന്നെ മടങ്ങിയിരുന്നു. സ്പെയിനിൽ ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന താരം ഇടയ്ക്കിടെ പരിശോധന നടത്തിയിരുന്നുവെങ്കിലും എല്ലാം പോസിറ്റീവ് തന്നെയാവുകയായിരുന്നു. ഇതോടെ അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ നിർണായകമായ മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു.

തന്റെ മുൻ ക്ലബായ ബാഴ്‌സക്കെതിരെ കളിക്കാൻ സുവാരസിന് സാധിച്ചിരുന്നില്ല. എന്നിരുന്നാലും ബാഴ്സയോട് വിജയം കൊയ്യാൻ അത്‌ലെറ്റിക്കോക്ക്‌ സാധിച്ചിരുന്നു. കൂടാതെ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ കളിക്കാനും താരത്തിന് സാധിച്ചില്ല. ഈ മത്സരത്തിൽ 1-1 എന്ന സ്കോറിനാണ് അത്‌ലെറ്റിക്കോ ബയേണിനോട് സമനില വഴങ്ങിയത്. സുവാരസിന്റെ അഭാവത്തിൽ അത്‌ലെറ്റിക്കോ ഗോൾക്ഷാമം നേരിട്ടിരുന്നു എന്ന് വ്യക്തമാണ്. നാലു മത്സരങ്ങളാണ് അത്‌ലെറ്റിക്കോ സുവാരസ് ഇല്ലാതെ കളിച്ചത്. ബാഴ്സ, വലൻസിയ, ബയേൺ, മോസ്‌കോ എന്നിവർക്കെതിരെയായിരുന്നു അത്‌. ഈ മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകൾ മാത്രമാണ് അത്‌ലെറ്റിക്കോ മാഡ്രിഡിന് നേടാൻ സാധിച്ചിട്ടുള്ളത്. റയൽ വല്ലഡോലിഡ്, സാൽസ്ബർഗ് എന്നിവർക്കെതിരെ സുവാരസിന്റെ സാന്നിധ്യം അത്‌ലെറ്റിക്കോക്ക്‌ സഹായകമാവും. അതേസമയം അതിന് ശേഷം റയൽ മാഡ്രിഡിനെയാണ് അത്‌ലെറ്റിക്കോക്ക്‌ നേരിടാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *