ഇനി അത് ആവർത്തിക്കരുത്: താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി ആഞ്ചലോട്ടി!
കഴിഞ്ഞ ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് അലാവസിനെ പരാജയപ്പെടുത്തിയിരുന്നു.മത്സരത്തിൽ ഒരുപാട് റയൽ മാഡ്രിഡ് താരങ്ങൾ യെല്ലോ കാർഡ് കണ്ടിരുന്നു.വിനിയും മോഡ്രിച്ചും വാൽവെർദെയുമൊക്കെ ആ കൂട്ടത്തിൽ പെട്ടവരായിരുന്നു. റഫറിയോട് തർക്കിച്ചതിന്റെ പേരിലാണ് ഈ യെല്ലോ കാർഡുകൾ അവർക്ക് ലഭിച്ചിരുന്നത്.
ലാലിഗയിലെ പുതിയ നിയമപ്രകാരം ക്യാപ്റ്റന് മാത്രമാണ് റഫറിയോട് സംസാരിക്കാൻ അധികാരമുള്ളത്.ബാക്കി ആർക്കും തന്നെ വാദിക്കാനോ പ്രതിഷേധം പ്രകടിപ്പിക്കാനോ അധികാരമില്ല. അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ യെല്ലോ കാർഡ് നൽകാൻ റഫറിക്ക് സാധിക്കും. ഇത് റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിയെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. അനാവശ്യമായി യെല്ലോ കാർഡുകൾ വഴങ്ങുന്നത് ഒഴിവാക്കാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഇന്ന് ലീഗിൽ നടക്കുന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡാണ് റയലിന്റെ എതിരാളികൾ.ഈ മത്സരത്തിന് മുന്നോടിയായി തന്റെ താരങ്ങൾക്ക് ആഞ്ചലോട്ടി ഒരു മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതായത് കഴിഞ്ഞ മത്സരത്തിൽ സംഭവിച്ചത് പോലെ ആരും തന്നെ യെല്ലോ കാർഡുകൾ വഴങ്ങാൻ പാടില്ല.റഫറിയോട് പ്രതിഷേധം പ്രകടിപ്പിക്കുന്നതും ആംഗ്യങ്ങൾ കാണിക്കുന്നതും ഈ പരിശീലകൻ വിലക്കിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ സംഭവിച്ച കാര്യങ്ങൾ ഇനി ആവർത്തിക്കരുത് എന്നാണ് ഇദ്ദേഹം നൽകിയിട്ടുള്ള മുന്നറിയിപ്പ്.
പലപ്പോഴും അനാവശ്യമായി യെല്ലോ കാർഡ് വഴങ്ങുന്ന താരമാണ് വിനീഷ്യസ് ജൂനിയർ. ഇക്കാര്യത്തിലും പരിശീലകന് കടുത്ത അസംതൃപ്തി ഉണ്ട്. ഏതായാലും ടീമിനകത്ത് കൂടുതൽ അച്ചടക്കം ഉണ്ടാക്കിയെടുക്കാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് അത്ലറ്റിക്കോയുടെ മൈതാനത്തെ വച്ചുകൊണ്ടാണ് മാഡ്രിഡ് ഡർബി നടക്കുക.