ഇതിന്റെ ഉത്തരവാദി ഞാനാണ്, ഉടൻതന്നെ പരിഹാരം കാണും : തുറന്ന് പറഞ്ഞ് ആഞ്ചലോട്ടി!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ലാസ് പാൽമസായിരുന്നു റയലിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ആദ്യം ലാസ് പാൽമസ് ലീഡ് എടുത്തെങ്കിലും രണ്ടാം പകുതിയിൽ പെനാൽറ്റി ഗോളിലൂടെ റയൽ മാഡ്രിഡ് സമനില നേടുകയായിരുന്നു. മത്സരത്തിൽ റയൽ ബുദ്ധിമുട്ടുന്ന ഒരു കാഴ്ചയായിരുന്നു കാണാൻ സാധിച്ചിരുന്നത്.

ഇതേക്കുറിച്ച് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ഈ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. ഉടൻതന്നെ ഇതിന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളുടെ ആദ്യപകുതി മോശമായിരുന്നു. ഗോൾ കണ്ടെത്താൻ ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടുന്നു. ഞങ്ങൾ മത്സരത്തിൽ ബുദ്ധിമുട്ടി എന്നത് ഒരു വസ്തുതയാണ്. ടീം സന്തുലിതമായിരുന്നില്ല.അതിവേഗത്തിലുള്ള മുന്നേറ്റങ്ങൾ നടത്താൻ കഴിഞ്ഞില്ല.ബോൾ തിരികെ പിടിക്കുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.ടീമിനകത്ത് യാതൊരുവിധ ഇമ്പ്രൂവ്മെന്റും സംഭവിച്ചിട്ടില്ല എന്നത് വ്യക്തമായി. ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ഇമ്പ്രൂവ് ആവേണ്ടതുണ്ട്.കഴിഞ്ഞ വർഷം ഉണ്ടായിരുന്ന സോളിഡിറ്റി ഇത്തവണ കണ്ടെത്താൻ കഴിയുന്നില്ല.ഞങ്ങൾ ഒരിക്കലും ഇത് ന്യായീകരിക്കില്ല. എത്രയും പെട്ടെന്ന് പുരോഗതി പ്രാപിക്കേണ്ടതുണ്ട്. എനിക്ക് വളരെ വ്യക്തമായ സ്ട്രാറ്റജി ഉണ്ട്. പക്ഷേ കളത്തിൽ അത് നടപ്പിലാകുന്നില്ല. ഞങ്ങൾ നല്ല രൂപത്തിൽ അല്ല പോകുന്നത് എന്നത് ഈ മൂന്നു മത്സരങ്ങളിൽ നിന്നും വളരെ വ്യക്തമായിട്ടുണ്ട്.ഞങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടൻ തന്നെ പരിഹാരം കാണും.ഈ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു “ഇതാണ് റയൽ കോച്ച് പറഞ്ഞിട്ടുള്ളത്.

ലാലിഗയിൽ മൂന്നു മത്സരങ്ങളാണ് റയൽ മാഡ്രിഡ് കളിച്ചിട്ടുള്ളത്.അതിൽ രണ്ട് സമനിലകൾ വഴങ്ങുകയായിരുന്നു. നാല് പോയിന്റുകൾ ഡ്രോപ്പ് ചെയ്ത റയൽ മാഡ്രിഡ് നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഇനി അടുത്ത മത്സരത്തിൽ ബെറ്റിസാണ് മാഡ്രിഡിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *