വർഷങ്ങളോളം ടീമിനെ ചുമലിലേറ്റി:ഗ്രീസ്മാന് ഹൃദയസ്പർശിയായ സന്ദേശവുമായി എംബപ്പേ!
ഫ്രഞ്ച് സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്മാൻ ഇന്നലെയാണ് ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനം നടത്തിയത്.ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.ഇനി ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി കളിക്കാൻ അദ്ദേഹം ഉണ്ടാവില്ല. 2018 വേൾഡ് കപ്പ് ഫ്രാൻസ് ടീമിനോടൊപ്പം സ്വന്തമാക്കിയ താരമാണ് ഗ്രീസ്മാൻ. ഫ്രാൻസിന് വേണ്ടി 137 മത്സരങ്ങൾ കളിച്ച ഗ്രീസി 44 ഗോളുകളും 38 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഫ്രാൻസ് ടീമിൽ നിന്നും പടിയിറങ്ങിയ ഗ്രീസ്മാന് അവരുടെ ക്യാപ്റ്റനായ കിലിയൻ എംബപ്പേ ഹൃദയസ്പർശിയായ ഒരു സന്ദേശം നൽകിയിട്ടുണ്ട്. ഒരുപാട് കാലം ടീമിനെ ചുമലിലേറ്റിയ താരമാണ് ഗ്രീസ്മാൻ എന്നാണ് എംബപ്പേ അഭിപ്രായപ്പെട്ടിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഒരു അസാധാരണമായ താരം കൂടി കരിയർ അവസാനിപ്പിക്കുന്നു.ഫ്രഞ്ച് ദേശീയ ടീമിന്റെ ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗ്രീസ്മാൻ. മറക്കാനാവാത്ത ഓർമ്മകൾ ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി. വർഷങ്ങളോളം ഈ ടീമിനെ ചുമലിൽ ഏറ്റിയവനാണ് നിങ്ങൾ. ഒരുപാട് കിരീട നേട്ടങ്ങൾക്ക് നിങ്ങൾ കോൺട്രിബ്യൂട്ട് ചെയ്തു. നിങ്ങളുടെ ഈ തീരുമാനം ഒരല്പം നേരത്തെ ആയിപ്പോയില്ലേ എന്ന് പലരും കരുതുന്നുണ്ട്.പക്ഷേ നിങ്ങളുടെ ഈ തീരുമാനത്തെ ഞാൻ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.ഈ ജഴ്സി ധരിക്കുക എന്നുള്ളത് തന്നെ വളരെയധികം ഡിമാൻഡ് ചെയ്യുന്ന ഒരു കാര്യമാണ്. ഫ്രഞ്ച് ടീമിന്റെ ചരിത്രത്തിൽ എക്കാലവും നിങ്ങൾക്ക് സ്ഥാനം ഉണ്ടാകും.ഒരുപാട് കാലം നിങ്ങൾക്കൊപ്പം കളിക്കാൻ കഴിഞ്ഞത് തന്നെ ഒരു ബഹുമതിയാണ്.അത് ഞാൻ ഒരിക്കലും മറക്കുകയില്ല. എല്ലാവിധ ആശംസകളും നേരുന്നു സുഹൃത്തേ ” ഇതാണ് എംബപ്പേ കുറിച്ചിട്ടുള്ളത്.
കേവലം 33 വയസ്സുള്ള ഗ്രീസ്മാൻ ഇപ്പോൾതന്നെ വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു.സമീപകാലത്ത് ഫ്രഞ്ച് ദേശീയ ടീമിൽ വേണ്ടത്ര പ്രാധാന്യം താരത്തിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോൾ തന്നെ അദ്ദേഹം വിരമിക്കാൻ തീരുമാനിച്ചത് എന്നാണ് റൂമറുകൾ.ഏതായാലും അധികം വൈകാതെ തന്നെ യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ച് അമേരിക്കയിലേക്ക് പോകാനാണ് താരത്തിന്റെ പ്ലാനുകൾ.