ലിച്ചയും ക്യൂട്ടിയും കൂടെ എമിയും,ഈ കോട്ട പൊളിക്കാൻ പാടാണ്!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ഫൈനൽ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. കരുത്തരായ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ടാണ് ഒരിക്കൽ കൂടി അർജന്റീന കിരീടം ചൂടിയത്. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ ലൗറ്ററോ മാർട്ടിനസ് നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.ഇതോടെ കോപ്പ അമേരിക്ക കിരീടം നിലനിർത്താൻ അർജന്റീനക്ക് സാധിച്ചു.മാത്രമല്ല തങ്ങളുടെ ചരിത്രത്തിലെ പതിനാറാമത്തെ കോപ്പ അമേരിക്ക അവർ ഷെൽഫിൽ എത്തിക്കുകയും ചെയ്തു. കടുത്ത വെല്ലുവിളിയാണ് മത്സരത്തിൽ കൊളംബിയ ഉയർത്തിയത്. അവസാനമായി കളിച്ച 28 മത്സരങ്ങളിൽ ഒന്നിൽ പോലും പരാജയപ്പെടാതെയാണ് കൊളംബിയ വന്നത്. പ്രതീക്ഷിച്ച പോലെ തന്നെ അർജന്റീനക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. പക്ഷേ കൊളംബിയയുടെ ആക്രമണങ്ങൾ നേരിടേണ്ടി വന്നപ്പോഴും അർജന്റൈൻ കോട്ടക്ക് വിള്ളലേറ്റില്ല. അതിന്റെ കാരണം അവരുടെ പ്രതിരോധനിരയിലെ ആ രണ്ട് മഹാമേരുക്കൾ തന്നെയാണ്. സെന്റർ ബാക്ക് പൊസിഷനിൽ കളിച്ച ലിസാൻഡ്രോ മാർട്ടിനസും ക്രിസ്റ്റ്യൻ റൊമേറോയും അതിഗംഭീരമായ ഒരു പ്രകടനമാണ് നടത്തിയത്. ഒരു ഗോൾ പോലും വീഴാതെ അവർ 120 മിനിറ്റ് തങ്ങളുടെ കോട്ട കാക്കുകയായിരുന്നു.ലിസാൻഡ്രോയുടെ ഒരു കിടിലൻ ടാക്കിൾ മത്സരത്തിൽ നമുക്ക് കാണാനായി. അതില്ലായിരുന്നുവെങ്കിൽ അവിടെ ഒരു ഗോൾ പിറന്നേനെ.അതേസമയം റൊമേറോ നിറഞ്ഞ് നിൽക്കുകയായിരുന്നു.4 ക്ലിയറൻസുകൾ, 4 ഇന്റർ സെപ്നുകൾ,3 ടാക്കിളുകൾ,7 ഡ്യൂവൽസ് വോൺ എന്നിവക്ക് പുറമേ ഒരു തവണ പോലും എതിരാളികൾക്ക് ഈ താരത്തെ മത്സരത്തിൽ ഡ്രിബിൾ ചെയ്ത് മുന്നേറാൻ കഴിഞ്ഞിട്ടില്ല. അത്രയും മികച്ച രൂപത്തിലാണ് റൊമേറോ കളിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് കൂട്ടുകെട്ട് എന്ന് വേണമെങ്കിൽ ഈ സഖ്യത്തെ നമുക്ക് വിശേഷിപ്പിക്കാം. അതോടൊപ്പം തന്നെ എടുത്തു പറയേണ്ട താരം അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസാണ്.തകർപ്പൻ പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം അദ്ദേഹം നടത്തിയത്. ഫൈനലിൽ ക്ലീൻ ഷീറ്റും നേടി.ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയതും താരം തന്നെയാണ്. ചുരുക്കത്തിൽ ഇവരെയെല്ലാം മറികടന്നുകൊണ്ട് അർജന്റീനയുടെ വലയിലേക്ക് പദ്ധതിക്കുക എന്നുള്ളത് ഇന്നൊരു ബാലികേറാമലയാണ്.