റേസിസ്റ്റ് ചാന്റുകളും വിവേചനപരമായ ചാന്റുകളും ഒഴിവാക്കണം : ആരാധകരോട് അർജന്റീന!
വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന ചിലിയെ നേരിടാനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്.ബ്യൂണസ് ഐറിസിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈ മത്സരം വീക്ഷിക്കാൻ സാധിക്കുക. എന്നാൽ ഈ മത്സരവുമായി ബന്ധപ്പെട്ടുകൊണ്ട് അർജന്റീനക്ക് ഒരു ശിക്ഷ നടപടി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആരാധകരുടെ മോശം പെരുമാറ്റത്തെ തുടർന്ന് സീറ്റിങ് കപ്പാസിറ്റി ഫിഫ പരിമിതപ്പെടുത്തിയിരുന്നു.
റേസിസ്റ്റ് ചാൻഡുകളും ഡിസ്ക്രിമിനേറ്ററി ചാന്റുകളും ആന്റി ഗേ ചാന്റുകളുമൊക്കെ പലപ്പോഴും അർജന്റീന ആരാധകർ നടത്താറുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള ശിക്ഷ നടപടികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വരാറുള്ളത്.ഇപ്പോഴിതാ ആരാധകർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് അർജന്റീന തന്നെ ഒരു വീഡിയോ പ്രസന്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള എല്ലാ ചാന്റുകളും ഒഴിവാക്കണം എന്നാണ് അവർ ആരാധകരോട് ആവശ്യപ്പെട്ടിട്ടുള്ളത്.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.
‘ എന്തെങ്കിലും പ്രകോപനപരമായ ചാന്റുകളോ അതല്ലെങ്കിൽ വിവേചനപരമായ ചാന്റുകളോ ആരാധകർ നടത്തി എന്ന് ഫിഫ കണ്ടെത്തിയാൽ അവർ തീർച്ചയായും ശിക്ഷ ചുമത്തും. അർജന്റീനയിൽ വച്ചുകൊണ്ട് അടുത്തതായി നടക്കുന്ന മത്സരത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി പരിമിതപ്പെടുത്തുകയാണ് ഫിഫ ചെയ്യുക. വിവേചനങ്ങളിലൂടെയും അധിക്ഷേപങ്ങളിലൂടെയും ടീമിനെ സപ്പോർട്ട് ചെയ്യുന്നത് ഒരിക്കലും ടീമിനെ സഹായിക്കുകയില്ല. മറിച്ച് അത് മുറിപ്പെടുത്തുകയാണ് ചെയ്യുക ‘ ഇതാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
അതായത് ഇത്തരത്തിലുള്ള എല്ലാ ചാന്റുകളും അധിക്ഷേപങ്ങളും ഒഴിവാക്കണമെന്ന് തന്നെയാണ് ഇവർ ആവശ്യപ്പെടുന്നത്.കോപ്പ അമേരിക്ക സെലിബ്രേഷൻ ശേഷം അർജന്റീന താരങ്ങളിൽ നിന്നും റേസിസ്റ്റ് ചാന്റ് ഉയർന്നത് ഫുട്ബോൾ ലോകത്ത് വലിയ വിവാദമുണ്ടാക്കിയിരുന്നു.ഇതേ തുടർന്നാണ് ഫിഫ ഇത്തരം കാര്യങ്ങൾക്കെതിരെ കടുത്ത ശിക്ഷ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. പലപ്പോഴും അർജന്റീന ആരാധകരിൽ നിന്നും ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇത് ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്തു വന്നിട്ടുള്ളത്.