റഫറിയുടെ മിസ്റ്റേക്ക് ലാപ്ടോപ്പിൽ കാണിച്ചു,കാർഡ് കണ്ട് മൊറിഞ്ഞോ!
ഫുട്ബോൾ ലോകത്തെ സൂപ്പർ പരിശീലകരിൽ ഒരാളായ ഹൊസേ മൊറിഞ്ഞോ നിലവിൽ തുർക്കിയിലാണ് ഉള്ളത്. അവിടുത്തെ വമ്പൻ ക്ലബ്ബായ ഫെനർബാഷെയെയാണ് അദ്ദേഹം പരിശീലിപ്പിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ അന്റാല്യാസ്പോറിനെ എതിരില്ലാത്ത രണ്ട് അവർ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഈ മത്സരത്തിനിടയിൽ രസകരമായ ഒരു സംഭവം അരങ്ങേറിയിട്ടുണ്ട്.
ഫെനർബാഷെയുടെ സൂപ്പർ താരമായ എഡിൻ സെക്കോ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു ഗോൾ നേടിയിരുന്നു.എന്നാൽ റഫറി അത് അനുവദിച്ചില്ല. ഓഫ്സൈഡ് വിധിച്ചു കൊണ്ട് റഫറി അത് നിഷേധിക്കുകയായിരുന്നു.എന്നാൽ റഫറിക്ക് തെറ്റ് പറ്റി എന്ന് മനസ്സിലാക്കിയ ഹോസേ മൊറിഞ്ഞോ തന്റെ പ്രതിഷേധം ആരംഭിച്ചു.അത് ഓഫ്സൈഡ് അല്ല എന്ന് തെളിയിക്കുന്ന ദൃശ്യം അദ്ദേഹം തന്റെ ലാപ്ടോപ്പിൽ പ്രദർശിപ്പിക്കുകയായിരുന്നു.
മത്സരം ലൈവ് ടെലികാസ്റ്റ് ചെയ്യുന്ന ക്യാമറക്ക് മുന്നിലാണ് അത് മൊറിഞ്ഞോ മത്സരത്തിനിടയിൽ പ്രദർശിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട റഫറി ഉടൻ തന്നെ മൊറിഞ്ഞോയുടെ അടുത്തേക്ക് ചെല്ലുകയും അദ്ദേഹത്തിന് യെല്ലോ കാർഡ് നൽകുകയും ചെയ്തു.ഇത് ഫുട്ബോൾ ലോകത്ത് വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ മൊറിഞ്ഞോ ആയതുകൊണ്ട് ഇതിൽ അധികം അത്ഭുതപ്പെടാനൊന്നുമില്ല.
കാരണം ഇത്തരം വിചിത്രമായ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടാവാറുണ്ട്. നേരത്തെ പ്രസ് കോൺഫറൻസിൽ പങ്കെടുക്കാത്തതിനാൽ ഒരു വലിയ തുക അദ്ദേഹത്തിന് പിഴയായി നൽകേണ്ടി വന്നിരുന്നു. വിവാദ സംഭവങ്ങൾക്ക് എപ്പോഴും പേരുകേട്ട തുർക്കിഷ് ലീഗിൽ മൊറിഞ്ഞോ കൂടി എത്തിയതോടെ കാര്യങ്ങൾ ഒന്നുകൂടി കൊഴുത്തിട്ടുണ്ട്. നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്താണ് മൊറിഞ്ഞോയുടെ ഫെനർബാഷെയുള്ളത്. അപരാജിതരായി കുതിക്കുന്ന ഗലാറ്റസറെയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്