മെസ്സി പഴയ മെസ്സിയാവില്ല :2026 വേൾഡ് കപ്പിനെ കുറിച്ച് അഗ്വേറോ
ഖത്തർ വേൾഡ് കപ്പ് ആയിരിക്കും തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് എന്ന് ലയണൽ മെസ്സി നേരത്തെ അറിയിച്ചിട്ടുള്ള കാര്യമാണ്. വേൾഡ് കപ്പിന് മുന്നേ തന്നെ മെസ്സി ഇക്കാര്യം പറഞ്ഞിരുന്നു.പക്ഷേ ഖത്തറിൽ തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ മെസ്സിക്ക് സാധിച്ചു. വേൾഡ് കപ്പ് മെസ്സിയുടെ നായകത്വത്തിൽ അർജന്റീനയാണ് സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ അടുത്ത വേൾഡ് കപ്പ് മെസ്സി കളിക്കണം എന്ന ആരാധകരുടെ ആവശ്യം ശക്തമാണ്. ഇക്കാര്യത്തിൽ മെസ്സി ഇതുവരെ ഉറപ്പുകൾ ഒന്നും നൽകിയിട്ടില്ല.
ലയണൽ മെസ്സിയുടെ മുൻ സഹതാരവും സുഹൃത്തുമായ സെർജിയോ അഗ്വേറോ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് മെസ്സിക്ക് അടുത്ത വേൾഡ് കപ്പിൽ കളിക്കാൻ കഴിയും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പക്ഷേ പഴയ മെസ്സിയെ പോലെ കളിക്കാൻ ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ലെന്നും അഗ്വേറോ പറഞ്ഞിട്ടുണ്ട്.ESPN 12നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഗ്വേറോയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ലയണൽ മെസ്സി അടുത്ത വേൾഡ് കപ്പിലും കളിക്കും എന്നാണ് ഞാൻ കരുതുന്നത്. തീർച്ചയായും അദ്ദേഹം ഫിറ്റ്നസിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തും. പക്ഷേ പഴയ മെസ്സിയാവില്ല അദ്ദേഹം. പഴയപോലെ കളിക്കാൻ കഴിഞ്ഞു എന്ന് വരില്ല. എന്നിരുന്നാൽ പോലും ഫ്രീകിക്കുകൾ കൊണ്ടും അസിസ്റ്റുകൾ കൊണ്ടും ടീമിനെ സഹായിക്കാൻ മെസ്സിക്ക് കഴിഞ്ഞേക്കും.ശാരീരികമായി അതിന് തയ്യാറെടുക്കുക എന്നതാണ് അദ്ദേഹം ചെയ്യേണ്ടത്. മെസ്സി ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും മെസ്സിക്ക് അതിന് സാധിക്കും ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.
പരിക്കിന്റെ പ്രശ്നങ്ങൾ സമീപകാലത്ത് മെസ്സിയെ വല്ലാതെ അലട്ടുന്നുണ്ട്.ഇന്റർമയാമിയുടെ പല മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായിരുന്നു. എന്നിരുന്നാലും ഇന്റർമയാമിക്ക് വേണ്ടി മെസ്സി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. അമേരിക്കൻ ലീഗിൽ 19 മത്സരങ്ങൾ കളിച്ച മെസ്സി 20 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടുണ്ട്.