മെസ്സിയില്ലെങ്കിലും 10 ആം നമ്പർ അണിയുന്ന ആളുണ്ട്,11ആം നമ്പറാണ് പ്രശ്നം :സ്കലോണി!
നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയും ചിലിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് മത്സരം നടക്കുക.അർജന്റീനയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,എയ്ഞ്ചൽ ഡി മരിയ എന്നിവർ ഇല്ലാതെയാണ് അർജന്റീന വരുന്നത്. ഡി മരിയ വിരമിക്കുകയായിരുന്നു. അതേസമയം ലയണൽ മെസ്സി ഇപ്പോഴും പരിക്കിൽ നിന്നും മുക്തനായിട്ടില്ല.
ഈ രണ്ട് താരങ്ങളുടെയും അഭാവത്തിൽ അവരുടെ ജേഴ്സികൾ ആര് അണിയും? അത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്. മെസ്സിയുടെ അഭാവത്തിൽ പത്താം നമ്പർ അണിയുന്നത് എയ്ഞ്ചൽ കൊറേയയാണ് എന്നുള്ളത് പരിശീലകനായ സ്കലോണി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പതിനൊന്നാം നമ്പറിന് ഒരു പുതിയ അവകാശിയെ കണ്ടെത്തേണ്ടതുണ്ടെന്നും സ്കലോണി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ലയണൽ മെസ്സി ഇല്ലാത്ത സമയത്ത് കൊറേയയാണ് അർജന്റീനയുടെ പത്താം നമ്പർ ജേഴ്സി ധരിക്കാറുള്ളത്.അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. പക്ഷേ നിലവിൽ പതിനൊന്നാം നമ്പറിന്റെ കാര്യത്തിലാണ് പ്രശ്നം.പതിനൊന്നാം നമ്പറിന് ഇപ്പോൾ അവകാശികൾ ഇല്ല. ഞങ്ങൾക്ക് അക്കാര്യത്തിൽ ഒരു ഐഡിയ ഉണ്ട്. എന്നാൽ എന്ത് സംഭവിക്കും എന്ന് നമുക്ക് കാത്തിരുന്നു കാണാം “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഡി മരിയയുടെ പതിനൊന്നാം നമ്പർ ജേഴ്സി ഇനി ആര് ധരിക്കും എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ട കാര്യം. നാളത്തെ മത്സരത്തിന് മുന്നോടിയായി ഡി മരിയയെ ആദരിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടി കൊണ്ടാണ് അദ്ദേഹം അർജന്റീന ടീമിൽ നിന്നും പടിയിറങ്ങിയത്.