ബ്രസീൽ വിട്ട് ഇങ്ങോട്ട് പോരൂ: വിനീഷ്യസിന് ക്ഷണം
ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ ഈ സീസണിലും ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.റയൽ മാഡ്രിഡിന് വേണ്ടിയാണ് താരം തിളങ്ങുന്നത്.എന്നാൽ ബ്രസീൽ ടീമിൽ അദ്ദേഹത്തിന്റെ കണക്കുകൾ മോശമാണ്.37 മത്സരങ്ങൾ കളിച്ചിട്ട് കേവലം 5 ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ താരത്തിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.
എന്നാൽ കഴിഞ്ഞ ബ്രസീലിന്റെ മത്സരത്തിനു മുന്നോടിയായി വിനീഷ്യസ് ജൂനിയർക്ക് CBF ഒരു ഉപഹാരം നൽകിയിരുന്നു. യഥാർത്ഥത്തിൽ അതൊരു DNA ടെസ്റ്റ് റിസൾട്ട് ആയിരുന്നു. അതായത് വിനീഷ്യസിന്റെ പൂർവികർ കാമറൂണിൽ നിന്നുള്ളവരാണ് എന്ന് തെളിയിക്കുന്ന ഒരു റിസൾട്ട് തന്നെയായിരുന്നു ഇത്. തന്റെ പൂർവികരെ കുറിച്ച് അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് വിനീഷ്യസ് ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ കാമറൂണിന്റെ UFC താരമായ ഫ്രാൻസിസ് എൻഗാനൂ വിനീഷ്യസിനെ കാമറൂൺ ടീമിലേക്ക് ക്ഷണിച്ചിട്ടുണ്ട്.വിനിയുടെ കാമറൂൺ ജഴ്സി അണിഞ്ഞുകൊണ്ടുള്ള ഒരു ചിത്രമാണ് ഇദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. അതിന്റെ ക്യാപ്ഷനായി കൊണ്ട് അദ്ദേഹം എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്.
“വിനീഷ്യസ് ജൂനിയറുടെ കാമറൂൺ ദേശീയ ടീമിന് വേണ്ടിയുള്ള ജേഴ്സി ഇപ്പോൾതന്നെ എന്റെ കൈകളിൽ തയ്യാറായിക്കഴിഞ്ഞു.വിനീഷ്യസ് ജൂനിയർ..നീ വീട്ടിലേക്ക് തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് ഞങ്ങൾ..ഫിഫ വേൾഡ് കപ്പ്.. ഞങ്ങളിതാ അദ്ദേഹത്തെയും കൊണ്ടു വരുന്നു ” ഇതാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.
ഇന്ന് ഫുട്ബോൾ ലോകത്തുള്ള ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വിനീഷ്യസ് ജൂനിയർ.എന്നാൽ ബ്രസീൽ ടീമിൽ അദ്ദേഹത്തിന്റെ പ്രകടനം അത്ര ആശാവഹമല്ല.അധികം വൈകാതെ അതിന് അദ്ദേഹം പരിഹാരം കാണും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.