ബാഴ്സയെ മറികടന്ന് സ്പാനിഷ് സൂപ്പർ താരത്തെ പൊക്കാൻ ലിവർപൂൾ!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ പ്രധാനമായും രണ്ട് സ്പാനിഷ് താരങ്ങളെയായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. ഒരാൾ നിക്കോ വില്യംസാണ്.താരത്തിന് വേണ്ടി ബാഴ്സ പരമാവധി ശ്രമിച്ചിരുന്നു.എന്നാൽ അവരുടെ ശ്രമങ്ങൾ വിഫലമായി.നിക്കോ വില്യംസ് അത്ലറ്റിക്കോ ബിൽബാവോയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
മറ്റൊരു സ്പാനിഷ് സൂപ്പർ താരമായ ഡാനി ഒൽമോയിലായിരുന്നു ബാഴ്സ പിന്നീട് ശ്രദ്ധ പതിപ്പിച്ചത്.അത് ഫലം കണ്ടിട്ടുണ്ട്. താരത്തെ ബാഴ്സലോണ സ്വന്തമാക്കി എന്നുള്ള കാര്യം ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ റിപ്പോർട്ട് ചെയ്തിരുന്നു.ഈ രണ്ടുപേരെ കൂടാതെ മറ്റൊരു സ്പാനിഷ് താരമായ മാർട്ടിൻ സുബിമെന്റിയെ കൂടി സ്വന്തമാക്കാൻ ബാഴ്സലോണക്ക് താല്പര്യമുണ്ടായിരുന്നു. മറ്റൊരു സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡിന് വേണ്ടിയാണ് ഈ മധ്യനിരതാരം കളിക്കുന്നത്.
എന്നാൽ അദ്ദേഹത്തെ ലിവർപൂൾ സ്വന്തമാക്കാനാണ് സാധ്യത.താരത്തെ കൊണ്ടുവരാൻ കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഇപ്പോൾ ലിവർപൂൾ ഉള്ളത്. ഇക്കാര്യം ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താരവുമായും ക്ലബ്ബുമായും ലിവർപൂൾ നടത്തുന്ന ചർച്ചകൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
60 മില്യൺ യൂറോയാണ് സുബിമെന്റിയുടെ റിലീസ് ക്ലോസ്. ഇത് ലഭിച്ചാൽ മാത്രമായിരിക്കും ക്ലബ്ബ് അദ്ദേഹത്തെ കൈവിടുക.അതുകൊണ്ടുതന്നെ ലിവർപൂൾ ഈ തുക മുടക്കേണ്ടി വന്നേക്കും.കഴിഞ്ഞ യൂറോ കപ്പിൽ നാലു മത്സരങ്ങളിൽ പങ്കെടുത്ത താരമാണ് സുബിമെന്റി. കഴിഞ്ഞ ലാലിഗയിൽ 31 മത്സരങ്ങളിൽ നിന്നായി നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് ഈ മധ്യനിര താരത്തിന്റെ സമ്പാദ്യം.റയൽ സോസിഡാഡിലൂടെ വളർന്ന താരമാണ് സുബിമെന്റി.ഏതായാലും അദ്ദേഹം ഇപ്പോൾ ലിവർപൂളിലേക്ക് എത്താനാണ് സാധ്യതകൾ ഉള്ളത്.