പെലെയെ എന്നെന്നും ഓർമ്മിക്കണം, അപൂർവങ്ങളിൽ അപൂർവ്വമായ ബഹുമതിയൊരുക്കാൻ ഫിഫ!
കഴിഞ്ഞ ഡിസംബർ 29 ആം തീയതിയായിരുന്നു ഫുട്ബോൾ ലോകത്തെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ബ്രസീലിയൻ ഇതിഹാസമായ പെലെ ലോകത്തോട് വിട പറഞ്ഞത്. ഫുട്ബോളിന്റെ ചരിത്രത്തിന്റെ പ്രധാന ഭാഗമായ പെലെയുടെ വിയോഗം ലോകത്തിന് തന്നെ തീർത്താൽ തീരാത്ത നഷ്ടമാണ്. ലോക ഫുട്ബോളിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുള്ള ഇതിഹാസമാണ് പെലെ.
മൂന്ന് വേൾഡ് കപ്പ് കിരീടങ്ങൾ നേടിയിട്ടുള്ള ഏക താരമാണ്. ആയിരത്തിലധികം ഗോളുകളും അദ്ദേഹം തന്റെ പേരിൽ കുറിച്ചിട്ടുണ്ട്. ഈ ഇതിഹാസത്തിന് കഴിയാവുന്ന രൂപത്തിലൊക്കെ ബഹുമതി ഒരുക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ ഫിഫയുള്ളത്. ഇതിന്റെ ഭാഗമായി കൊണ്ട് കഴിഞ്ഞദിവസം ഫിഫയുടെ പ്രസിഡണ്ടായ ഇൻഫാന്റിനോ ഒരു പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.
This would be an amazing tribute to Pele 🇧🇷💚 pic.twitter.com/6flmDAAbkO
— ESPN FC (@ESPNFC) January 2, 2023
അതായത് ഫുട്ബോൾ കളിക്കുന്ന ലോകത്തുള്ള എല്ലാ രാജ്യങ്ങളോടും അവരുടെ രാജ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഡിയത്തിന് പെലെയുടെ പേര് നൽകാൻ ആവശ്യപ്പെടുമെന്നാണ് ഫിഫ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്. നിലവിൽ ഫിഫ പ്രസിഡന്റ് ബ്രസീലിലാണ് ഉള്ളത്.പെലെയുടെ സംസ്കരണചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇദ്ദേഹം ഇപ്പോൾ ബ്രസീലിൽ എത്തിയിട്ടുള്ളത്.
ലോക ഫുട്ബോളിൽ എന്നെന്നും ഓർമിക്കപ്പെടേണ്ട ഒരു പേരാണ് പെലെ. കാരണം അത്രയേറെ ഫുട്ബോൾ ചരിത്രത്തിൽ അദ്ദേഹത്തിന് പങ്കുണ്ട്. ഏതായാലും ഫിഫയുടെ ആവശ്യങ്ങൾ ഏതൊക്കെ രാജ്യങ്ങൾ നടപ്പിലാക്കും എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.