പന്നിത്തലയും ബുള്ളറ്റും, ഭീഷണികൾ ഏറെ, അർജന്റീനയിലേക്ക് മടങ്ങിവരില്ലെന്ന് പ്രഖ്യാപിച്ച് ഡി മരിയ!
അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹം ഇപ്പോൾ ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കിയിട്ടുണ്ട്. തന്റെ അർജന്റൈൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിലേക്ക് തിരിച്ചുവരാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. പക്ഷേ അർജന്റീനയിലെ മാഫിയ സംഘങ്ങളിൽ നിന്നും ഭീഷണികൾ ലഭിച്ചതോടെ അദ്ദേഹം അതിൽ നിന്നും പിൻവാങ്ങി. ഇതേക്കുറിച്ച് ഡി മരിയ തന്നെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എനിക്ക് ആദ്യ ഭീഷണി ലഭിച്ചപ്പോൾ തന്നെ ഞാൻ എന്റെ തീരുമാനമെടുത്തിട്ടുണ്ട്.ഞാൻ അർജന്റീന ദേശീയ ടീമിനോടൊപ്പം അമേരിക്കയിലായിരുന്നു ഉണ്ടായിരുന്നത്. അർജന്റീനയിലേക്ക് മടങ്ങൽ അസാധ്യമാണെന്ന് ഞാൻ എല്ലാവരോടും പറഞ്ഞിട്ടുണ്ട്. മാർച്ച് 25 ആം തീയതി ആയിരുന്നു അത്. അതിനുശേഷം റൊസാരിയോ സെൻട്രൽ പ്രസിഡണ്ട് എനിക്ക് മെസ്സേജ് അയച്ചിരുന്നു.എങ്ങനെയുണ്ട് സ്ഥിതിഗതികൾ എന്നായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത്.ഞാൻ അദ്ദേഹത്തോട് പറഞ്ഞു,എന്തൊക്കെ സംഭവിച്ചാലും ഈ ഒരു അവസ്ഥയിൽ ഞാൻ അങ്ങോട്ട് മടങ്ങി വരില്ല. കാരണം എനിക്കും എന്റെ കുടുംബത്തിനും ഭീഷണികൾ ഉണ്ട് എന്ന്.
തീർച്ചയായും റൊസാരിയോ എന്ന ക്ലബ്ബിന് ഞാൻ മുൻഗണന നൽകുന്നു. പക്ഷേ അതിനേക്കാൾ മുൻഗണന ഞാൻ നൽകുന്നത് എന്റെ കുടുംബത്തിന് തന്നെയാണ്.എന്റെ മാതാപിതാക്കൾക്കും അയൽവാസികൾക്കും ഭീഷണി ലഭിച്ചിട്ടുണ്ട്.എന്റെ സഹോദരിയുടെ റിയൽ എസ്റ്റേറ്റ് ഏജന്റിലും സമാനമായ ഭീഷണി ലഭിച്ചിരുന്നു. പക്ഷേ അത് പുറത്ത് പറയാൻ അവർ ഭയപ്പെട്ടിരുന്നു. ഒരു പന്നിത്തലയായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ നെറ്റിയിൽ ഒരു ബുള്ളറ്റ് തറച്ചിരുന്നു.എന്നിട്ട് അതിൽ എഴുതിയിരുന്നത് ഞാൻ റൊസാരിയോയിലേക്ക് മടങ്ങിയെത്തിയാൽ എന്റെ മകളുടെ തലയിൽ ഇതുപോലെ ബുള്ളറ്റ് തറക്കും എന്നായിരുന്നു.അതിനുശേഷം ആണ് ഗ്യാസ് സ്റ്റേഷനിൽ ഭീഷണി ഉയർത്തിക്കൊണ്ട് വെടിവെപ്പ് ഉണ്ടായത്. കേവലം ഒരു ഭീഷണിയല്ല, മറിച്ച് ഗുരുതരമായ ഒരു കാര്യം തന്നെയാണ് ” ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്
അർജന്റീനയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ നേരത്തെ ഡി മരിയ സംസാരിച്ചിരുന്നു. ഇതാണ് അവരെ പ്രകോപിപ്പിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്.ഇനി താരം അർജന്റീനയിലേക്ക് തന്നെ മടങ്ങിയെത്താൻ സാധ്യത കുറവാണ്. യൂറോപ്പിൽ എവിടെയെങ്കിലും ഫുട്ബോൾ കരിയർ അവസാനിപ്പിക്കാനായിരിക്കും ഡി മരിയ ശ്രമിക്കുക.അർജന്റീന ദേശീയ ടീമിൽ നിന്നും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്.