ഒരു ഹാൻഡ് ബോൾ കണ്ടുപിടിക്കാൻ മൂന്നുമാസം : പരിഹസിച്ച് ടോണി ക്രൂസ്!
കഴിഞ്ഞ യുവേഫ യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ജർമ്മനിയും സ്പെയിനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഒന്നിനെതിരെ 2 ഗോളുകൾക്ക് ആ മത്സരത്തിൽ സ്പെയിൻ വിജയിക്കുകയായിരുന്നു.പിന്നീട് സ്പെയിൻ തന്നെയാണ് കിരീടം നേടിയത്. ആ മത്സരത്തിൽ ജമാൽ മുസിയാലയുടെ ഒരു ഷോട്ട് പെനാൽറ്റി ബോക്സിനകത്ത് വെച്ച് കുക്കുറെയ്യയുടെ കൈകളിൽ തട്ടുകയായിരുന്നു.എന്നാൽ പ്രശസ്ത റഫറി ആയ ആന്റണി ടൈലർ അത് പെനാൽറ്റി നൽകാൻ തയ്യാറായിരുന്നില്ല.VAR റഫറി അത് പരിശോധിക്കാൻ ആവശ്യപ്പെട്ടതുമില്ല.
എന്നാൽ അതേക്കുറിച്ചുള്ള യുവേഫയുടെ റിപ്പോർട്ട് ഇപ്പോൾ പുറത്തായിട്ടുണ്ട്. യഥാർത്ഥത്തിൽ അത് പെനാൽറ്റിയാണെന്നും ജർമ്മനി പെനാൽറ്റി അർഹിച്ചിരുന്നുവെന്നും ആന്റണി ടൈലർക്ക് തെറ്റുപറ്റി എന്നുമായിരുന്നു യുവേഫയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.അന്ന് ആ പെനാൽറ്റി ലഭിച്ചിരുന്നുവെങ്കിൽ ജർമ്മനിക്ക് മുന്നോട്ട് പോകാൻ കഴിയുമായിരുന്നു.
ഏതായാലും യുവേഫയുടെ ഈ കുറ്റസമ്മതത്തെ പരിഹസിച്ചു കൊണ്ട് ടോണി ക്രൂസ് രംഗത്ത് വന്നിട്ടുണ്ട്.ഒരു ഹാൻഡ് ബോൾ കണ്ടുപിടിക്കാൻ മൂന്നുമാസമെടുത്തു എന്നാണ് അദ്ദേഹം ആരോപിച്ചിട്ടുള്ളത് ക്രൂസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” അതൊരു ഹാൻഡ് ബോൾ ആണെന്ന് മനസ്സിലാക്കാൻ അവർക്ക് മൂന്നുമാസം സമയമെടുത്തു. ഒരൊറ്റ സെക്കൻഡിൽ എല്ലാവർക്കും മനസ്സിലാകുന്ന ഒരു കാര്യമാണത്.അതിനുവേണ്ടിയാണ് അവർ ഇത്രയും സമയം എടുത്തത്.അത് പെനാൽറ്റി ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. അതുകൊണ്ട് ഞാൻ ഇപ്പോൾ യൂറോപ്പ്യൻ ചാമ്പ്യൻ ആണെന്ന് എനിക്ക് പറയാൻ കഴിയുമോ? അതിന് സാധിക്കില്ലല്ലോ “ഇതാണ് ടോണി ക്രൂസ് പറഞ്ഞിട്ടുള്ളത്.
ഏതായാലും അർഹിച്ച ഒരു പെനാൽറ്റി തന്നെയാണ് ജർമ്മനിക്ക് നഷ്ടമായത്.യൂറോ കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ ടോണി ക്രൂസ് ജർമ്മൻ ദേശീയ ടീമിൽ നിന്നും വിരമിച്ചിരുന്നു.നിലവിൽ പ്രൊഫഷണൽ ഫുട്ബോൾ കരിയർ തന്നെ അവസാനിപ്പിച്ച താരമാണ് ക്രൂസ്.