ഒരിക്കലും മറക്കാത്ത വർഷം, എന്നെ സ്നേഹിക്കുന്നവർക്ക് നന്ദി : ഇൻസ്റ്റഗ്രാം പോസ്റ്റുമായി ലിയോ മെസ്സി.

ലയണൽ മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അർജന്റീനയുടെ ദേശീയ ടീമിനോടൊപ്പമുള്ള ഒരു വേൾഡ് കപ്പ് കിരീടനേട്ടം.അത് സാധ്യമാക്കാൻ ഈ കഴിഞ്ഞുപോയ 2022 എന്ന വർഷത്തിൽ സാധിച്ചു.ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടുകയായിരുന്നു. വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയതും ലിയോ മെസ്സി തന്നെയായിരുന്നു.

2022 എന്ന വർഷം അവസാനിക്കുന്ന ഈ വേളയിൽ ലയണൽ മെസ്സി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു പോസ്റ്റ് ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ഒരിക്കലും മറക്കാത്ത ഒരു വർഷമാണ് ഇപ്പോൾ അവസാനിക്കുന്നത് എന്നാണ് ലിയോ മെസ്സി പങ്കുവെച്ചിട്ടുള്ളത്. മാത്രമല്ല അദ്ദേഹത്തിന്റെ എല്ലാ ആരാധകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലയണൽ മെസ്സിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ ചുരുക്കരൂപം ഇങ്ങനെയാണ്.

” ഞാനൊരിക്കലും മറക്കാത്ത ഒരു വർഷം ഇപ്പോൾ അവസാനിക്കുന്നു. ഞാനെപ്പോഴും പിന്തുടർന്നിരുന്ന ഒരു സ്വപ്നം ഒടുവിൽ പൂർത്തിയായ ഒരു വർഷമാണിത്. ഈ സന്തോഷം പങ്കുവെക്കാൻ എനിക്ക് ഒരു കുടുംബവും സുഹൃത്തുക്കളുമുണ്ടായിരുന്നു.അവരുടെ പിന്തുണയോടെ കൂടിയാണ് ഞാൻ ഇത് കരസ്ഥമാക്കിയിട്ടുള്ളത്. മാത്രമല്ല അർജന്റീനയിലും പാരീസിലും ബാഴ്സയിലും ലോകത്തിന്റെ എല്ലാ ഭാഗത്തും ഉള്ള എന്നെ പിന്തുണക്കുന്നവർ ഇല്ലായിരുന്നുവെങ്കിൽ എനിക്ക് ഇതൊന്നും സാധ്യമാകുമായിരുന്നില്ല. ഈ യാത്രയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഈ വർഷം എല്ലാവർക്കും മികച്ചതാവാൻ ഞാൻ ആഗ്രഹിക്കുന്നു. 2023 എല്ലാവർക്കും സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയുമെന്ന് ആശംസിക്കുന്നു ” ലയണൽ മെസ്സി കുറിച്ചു.

മെസ്സിക്ക് ഏറെ സന്തോഷമുള്ള ഒരു വർഷമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വേൾഡ് കപ്പ് കിരീടത്തിന് പുറമേ മികച്ച പ്രകടനം നടത്താനും മെസ്സിക്ക് 2022 ൽ സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *