ഇത് ചരിത്രം..മാഴ്സെലോയുടെ പേരിൽ ഇനി സ്റ്റേഡിയവും!
ബ്രസീലിയൻ ഇതിഹാസമായ മാഴ്സെലോ നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസിന്റെ താരമാണ്.മികച്ച പ്രകടനം പുറത്തെടുക്കാൻ ഇപ്പോഴും ഈ ലെഫ്റ്റ് ബാക്ക് താരത്തിന് സാധിക്കുന്നുണ്ട്.ബ്രസീലിയൻ ലീഗിൽ ഈ സീസണിൽ 12 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് ഓരോ ഗോളുകളും അസിസ്റ്റുകളും നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹം ഫ്ലുമിനൻസിലേക്ക് തിരിച്ചെത്തിയത്.
പതിമൂന്നാമത്തെ വയസ്സിൽ ഫ്ലുമിൻസിൽ കരിയർ ആരംഭിച്ച വ്യക്തിയാണ് മാഴ്സെലോ. അവരുടെ യൂത്ത് ടീമിലൂടെ വളർന്ന താരം പിന്നീട് അവരുടെ സീനിയർ ടീമിലേക്ക് എത്തുകയായിരുന്നു. 2005ലാണ് ഫ്ലൂമിനൻസിന്റെ സീനിയർ ടീമിന് വേണ്ടി അദ്ദേഹം അരങ്ങേറ്റം നടത്തിയത്. പിന്നീട് 2007 അദ്ദേഹത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കുകയായിരുന്നു. 2022 വരെ അദ്ദേഹം റയൽ മാഡ്രിഡിൽ തുടരുകയായിരുന്നു. പിന്നീട് ഒളിമ്പിയാകോസിൽ കുറച്ച് കാലം ചിലവഴിച്ച താരം കഴിഞ്ഞ വർഷം ഫ്ലുമിനൻസിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു.
തങ്ങളുടെ ഈ ഇതിഹാസതാരത്തെ ആദരിക്കാൻ ഫ്ലുമിനൻസ് ഇപ്പോൾ തയ്യാറായിട്ടുണ്ട്. അവരുടെ യൂത്ത് ടീമിന്റെ സ്റ്റേഡിയം ഇപ്പോൾ അറിയപ്പെടുന്നത് എസ്റ്റഡിയോ വലെ ഡാസ് എന്നാണ്.ഈ സ്റ്റേഡിയം പുനർനാമകരണം ചെയ്യപ്പെടും.മാഴ്സെലോയുടെ പേരാണ് ഇനി ഈ സ്റ്റേഡിയത്തിന് നൽകുക. അദ്ദേഹത്തിനുള്ള ബഹുമതി എന്നോണമാണ് ക്ലബ് താരത്തിന്റെ പേര് സ്റ്റേഡിയത്തിന് നൽകുന്നത്. ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
തന്റെ കരിയർ ആരംഭിച്ച ഗ്രൗണ്ട് ഇനി മുതൽ തന്റെ പേരിലാണ് അറിയപ്പെടുക എന്നുള്ളത് മാഴ്സെലോയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര നേട്ടം തന്നെയാണ്.തിയാഗോ സിൽവയും നിലവിൽ ഈ ക്ലബ്ബിനോടൊപ്പമാണ് കളിച്ചുകൊണ്ടിരിക്കുന്നത്.സിൽവ ക്ലബ്ബിലേക്ക് തിരിച്ചുവന്നതിനുശേഷം തകർപ്പൻ പ്രകടനമാണ് ഫ്ലൂമിനൻസ് പുറത്തെടുക്കുന്നത്.നിലവിൽ ലീഗിൽ പതിനാറാം സ്ഥാനത്താണ് ഇവർ തുടരുന്നത്.