ആരൊക്കെ വന്നാലും പോയാലും ഇത് ലിയോയുടേതാണ്: നയം വ്യക്തമാക്കി ഡി പോൾ
വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് അർജന്റീന ഇറങ്ങുക ക്യാപ്റ്റൻ ലയണൽ മെസ്സി ഇല്ലാതെയാണ്. പരിക്ക് കാരണമാണ് മെസ്സിക്ക് ഈ മത്സരങ്ങൾ നഷ്ടമാകുന്നത്.എയ്ഞ്ചൽ ഡി മരിയ അർജന്റീന ടീമിൽ നിന്നും വിരമിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാമത്തെ ക്യാപ്റ്റനായ നിക്കോളാസ് ഓട്ടമെന്റി ഉണ്ടെങ്കിലും അദ്ദേഹം ചിലപ്പോൾ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ അർജന്റീനയുടെ ക്യാപ്റ്റനായി കൊണ്ട് റോഡ്രിഗോ ഡി പോൾ വന്നേക്കും എന്നുള്ള വാർത്തകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു. ഇന്നലെ ഡി പോൾ അർജന്റീനയിൽ വന്നിറങ്ങിയ സമയത്ത് മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു.
ഈ ക്യാപ്റ്റന്റെ ആം ബാൻഡ് എപ്പോഴും ലയണൽ മെസ്സിയുടെതാണ് എന്നാണ് ഇതിനെക്കുറിച്ച് ഡി പോൾ പറഞ്ഞിട്ടുള്ളത്. മെസ്സി അല്ലാതെ ആരെങ്കിലും അത് അണിയുന്നുണ്ടെങ്കിൽ അത് കേവലം സാഹചര്യവശാൽ മാത്രമാണെന്നും ഡി പോൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ടീം നൽകുന്ന എന്ത് റോളും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ് എന്നുള്ളത് നേരത്തെ തന്നെ ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണ്.ഒരുപാട് വർഷമായി ഞാൻ ഇവിടെ തുടരുന്നു, ഇവിടുത്തെ പ്രധാനപ്പെട്ട താരമായി ഞാൻ മാറിയെന്ന് എനിക്ക് അനുഭവപ്പെടുന്നുണ്ട്. പക്ഷേ നമുക്കെല്ലാവർക്കും അറിയാവുന്നതാണ് ഈ ക്യാപ്റ്റന്റെ ആം ബാൻഡ് മെസ്സിയുടെതു മാത്രമാണ്. ബാക്കി ആര് അണിഞ്ഞാലും അത് സാഹചര്യവശാൽ മാത്രമാണ്.എപ്പോഴും ടീമിന്റെ ക്യാപ്റ്റൻ അത് ലയണൽ മെസ്സി തന്നെയാണ് ” ഇതാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.
ഡി പോൾ തന്നെ അർജന്റീനയെ നയിക്കാനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത്.അതേസമയം എമി മാർട്ടിനെസ്സിനും സാധ്യതകൾ കൽപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഓട്ടമെന്റി മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹം തന്നെയായിരിക്കും ക്യാപ്റ്റന്റെ ആം ബൻഡ് അണിയുക.