അവന് എന്നോട് സംസാരിക്കാൻ മടി,അച്ഛനല്ല, മറിച്ച് മൂത്ത സഹോദരനാണ്: യുവതാരത്തെക്കുറിച്ച് ക്രിസ്റ്റ്യാനോ

യുവേഫ നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പോർച്ചുഗലും ക്രൊയേഷ്യയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈ മത്സരം നടക്കുക.പോർച്ചുഗലിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മത്സരത്തിനു വേണ്ടിയുള്ള പോർച്ചുഗലിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഇത്തവണ പോർച്ചുഗൽ ദേശീയ ടീമിൽ ഇടം നേടാൻ കേവലം 17 വയസ്സ് മാത്രമുള്ള ജിയോവാനി ക്വെണ്ടക്ക് സാധിച്ചിരുന്നു.എന്നാൽ യുവ താരങ്ങൾക്ക് തന്നോട് പലപ്പോഴും സംസാരിക്കാൻ നാണമാണ് എന്നുള്ള കാര്യം ക്രിസ്റ്റ്യാനോ റൊണാൾഡോ തുറന്നുപറഞ്ഞിട്ടുണ്ട്. താൻ അവരുടെ അച്ഛനാവാൻ ഉദ്ദേശിക്കുന്നില്ലെന്നും മറിച്ച് ഒരു മൂത്ത സഹോദരനാണ് എന്നുമാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘ പല താരങ്ങൾക്കും എന്നോട് സംസാരിക്കാൻ നാണമാണ്.കുറച്ചു മുൻപ് ഡ്രസിങ് റൂമിൽ ഞാൻ ആ 17 വയസ്സുകാരനായ പുതിയ താരത്തെ കണ്ടിരുന്നു. നീ മത്സരത്തിൽ നിന്നും റിക്കവർ ആയോ എന്ന് ഞാൻ ക്വെണ്ടയോട് ചോദിച്ചു.അവന് എന്നോട് സംസാരിക്കാൻ നാണമായിരുന്നു. ഞാൻ ഇവരുടെ പിതാവാകാൻ ശ്രമിക്കുന്നു എന്നൊന്നും പറയുന്നില്ല. മറിച്ച് ഒരു മൂത്ത സഹോദരന്റെ സ്ഥാനത്താണ്.ഞാൻ നേരത്തെ പറഞ്ഞിട്ടുള്ള കാര്യമാണ്, ഇത്തരം ഘട്ടങ്ങളിലൂടെ ഞാനും കടന്നു പോയതാണ് എന്നുള്ളത്പോർച്ചുഗൽ ദേശീയ ടീം എന്നുള്ളത് ഒരു കുടുംബമാണ്.നേഷൻസ് ലീഗിൽ മാത്രമാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ‘ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

17 വയസ്സ് മാത്രമുള്ള ഈ താരം സ്പോർട്ടിങ്ങിന്റെ മധ്യനിരയിലാണ് കളിക്കുന്നത്. പോർച്ചുഗലിന്റെ അണ്ടർ 17 ടീമിന് വേണ്ടിയും സ്പോർട്ടിങ്ങിന്റെ ബി ടീമിന് വേണ്ടിയും മികച്ച പ്രകടനം നടത്തിയതിന് തുടർന്നാണ് അദ്ദേഹത്തിന് സീനിയർ ടീമിലേക്ക് സ്ഥാനം ലഭിച്ചത്. താരത്തിന് അരങ്ങേറ്റം കുറിക്കാൻ സാധിക്കുമോ എന്നുള്ളത് കണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *