അടിവയറ്റിൽ നിന്നും ചിത്രശലഭങ്ങൾ പറക്കുന്നത് പോലെ :വിനിയെ കണ്ട അനുഭവം പങ്കുവെച്ച് മെസ്സിഞ്ഞോ!
സമീപകാലത്ത് തകർപ്പൻ പ്രകടനം നടത്തുന്ന ബ്രസീലിയൻ യുവ പ്രതിഭയാണ് എസ്റ്റവായോ വില്യൻ അഥവാ മെസ്സിഞ്ഞോ. അതുകൊണ്ടുതന്നെ ബ്രസീലിന്റെ സീനിയർ ടീമിലേക്ക് അദ്ദേഹം ആദ്യമായി പരിഗണിക്കപ്പെട്ടിരുന്നു. നിലവിൽ ബ്രസീൽ ക്യാമ്പിലാണ് ഈ 17കാരൻ ഉള്ളത്. ടീമിനോടൊപ്പം ട്രെയിനിങ് അദ്ദേഹം നടത്തുന്നുണ്ട്.ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ അരങ്ങേറ്റം നടത്താൻ മെസ്സിഞ്ഞോക്ക് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ ബ്രസീലിയൻ താരങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്തിരുന്നത് മെസ്സിഞ്ഞോയായിരുന്നു.ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.വിനീഷ്യസ് ജൂനിയറെ കണ്ടുമുട്ടിയ അനുഭവവും മെസ്സിഞ്ഞോ പങ്കുവെച്ചിട്ടുണ്ട്. അടിവയറ്റിൽ നിന്നും ചിത്രശലഭങ്ങൾ പറക്കുന്നത് പോലെയുള്ള ഒരു പ്രതീതിയായിരുന്നു എന്നാണ് മെസ്സിഞ്ഞോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഞാൻ ലഞ്ച് സമയത്താണ് വിനീഷ്യസ് ജൂനിയറെ കണ്ടത്.എനിക്ക് ഒരല്പം ആശങ്കകൾ ഒക്കെ ഉണ്ടായിരുന്നു. അദ്ദേഹം പ്രതിനിധീകരിക്കുന്ന കാര്യങ്ങൾ അതുല്യമാണ്. റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം അദ്ദേഹം നടത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇന്ന് ലോകത്ത് ഏറ്റവും മികച്ച താരം വിനിയാണ്. ചാമ്പ്യൻസ് ലീഗ് കളിക്കുന്ന താരങ്ങളെയാണ് ഞാൻ അവിടെ കണ്ടത്.വിനിയെ കണ്ടപ്പോൾ അടിവയറ്റിൽ നിന്നും ചിത്രശലഭങ്ങൾ പറക്കുന്നതുപോലെയുള്ള ഒരു പ്രതീതിയാണ് അനുഭവപ്പെട്ടത് ” ഇതാണ് മെസ്സിഞ്ഞോ പറഞ്ഞിട്ടുള്ളത്.
ബ്രസീലും ഇക്വഡോറും തമ്മിലുള്ള മത്സരം വരുന്ന ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 6:30നാണ് അരങ്ങേറുക. ബ്രസീലിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക. പരിക്ക് കാരണം നെയ്മർ ജൂനിയർ ഇല്ലാതെ തന്നെയാണ് ബ്രസീൽ ഇത്തവണയും ഇറങ്ങുന്നത്.വിനീഷ്യസ് ജൂനിയറിൽ തന്നെയാണ് ഏറ്റവും കൂടുതൽ പ്രതീക്ഷകൾ അവർ വച്ചുപുലർത്തുന്നത്.