ബൊറൂസിയ സമ്മർദ്ദം ചെലുത്തുന്നു, തീരുമാനം ഉടനുണ്ടാവും : ഹാലണ്ട്

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ എർലിംഗ് ഹാലണ്ട് വരുന്ന സമ്മറിൽ ബൊറൂസിയ വിടുമെന്നുള്ള റൂമറുകൾ സജീവമാണ്. താരത്തിന്റെ ഏജന്റായ മിനോ റയോള തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതുവരെ ഹാലണ്ട് തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ല.

പക്ഷെ ഭാവിയെ കുറിച്ച് തീരുമാനമെടുക്കാൻ തന്റെ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് തന്നിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്നുള്ള കാര്യം ഹാലണ്ട് ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. അത്കൊണ്ട് തന്നെ തീരുമാനം ഉടൻ ഉണ്ടാവുമെന്നും താരം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഫ്രീബർഗിനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ഹാലണ്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ ആറ് മാസമായി ഡോർട്മുണ്ടിനോട് ബഹുമാനമില്ലാത്ത രൂപത്തിൽ സംസാരിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.പക്ഷെ ഇപ്പോൾ തീരുമാനമെടുക്കാൻ വേണ്ടി ക്ലബ്‌ എന്നിൽ സമ്മർദ്ദം ചെലുത്തുന്നു.എനിക്കാകെ ഇപ്പോൾ വേണ്ടത് ഫുട്ബോൾ കളിക്കുക എന്നുള്ളതാണ്.പക്ഷെ എന്റെ ഭാവിയെ കുറിച്ച് തീരുമാനമെടുക്കാനാണ് അവർ ഇപ്പോൾ എന്നെ നിർബന്ധിക്കുന്നത്. അതിനർത്ഥം ഞാൻ ഉടൻതന്നെ തീരുമാനമെടുക്കും എന്നുള്ളതാണ്.ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കലാണ് എനിക്ക് വേണ്ടത് എന്നുള്ള കാര്യം ഞാൻ തുടക്കം തൊട്ടേ പറയുന്നതാണ്.അപ്പോഴാണ് ഞാനെന്റെ ഏറ്റവും മികച്ച ലെവലിൽ എത്തുക, അല്ലാതെ മറ്റു കാര്യങ്ങൾ മനസ്സിൽ വരുമ്പോഴല്ല.പക്ഷെ ഈയിടെ അവർ നന്നായി സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്.അത്കൊണ്ട് ചില കാര്യങ്ങൾ തുടങ്ങാനുള്ള സമയമിതാണ്.എനിക്കാകെ വേണ്ടത് ഫുട്ബോൾ കളിക്കുക എന്നുള്ളതാണ്. പക്ഷെ ഇപ്പോൾ അതു മാത്രമായി എനിക്ക് ചെയ്യാനാവില്ല” ഹാലണ്ട് പറഞ്ഞു.

75 മില്യൺ യുറോയാണ് താരത്തിന്റെ റിലീസ് ക്ലോസ് എന്നുള്ള കാര്യം നേരത്തെ തന്നെ പുറത്തു വന്നിരുന്നു. അതുകൊണ്ടുതന്നെ നിരവധി ക്ലബ്ബുകൾ താരത്തിനായി രംഗത്തുണ്ട്. ബൊറൂസിയക്ക് വേണ്ടി ആകെ 77 മത്സരങ്ങൾ കളിച്ച താരം 78 ഗോളുകളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!