ബുണ്ടസ്‌ലിഗയുടെ പരിശോധന;പത്ത് പേർക്ക് കോവിഡ്
ലീഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ബുണ്ടസ്‌ലിഗ അധികൃതർ നടത്തിയ കോവിഡ് പരിശോധനയിൽ പത്ത് പേരുടെ പരിശോധനഫലം പോസിറ്റീവ് ആയതായി അധികൃതർ അറിയിച്ചു. ലീഗിലെ എല്ലാ ക്ലബുകൾക്കിടയിലും നടത്തിയ പ്രാഥമിക പരിശോധനയിലാണ് പത്ത് പേർക്ക് കോവിഡ് ഉണ്ടെന്ന് തെളിഞ്ഞത്. ബുണ്ടസ്ലിഗയിലെ മുൻ നിര ക്ലബായ എഫ്സി കോളന്റെ രണ്ട് താരങ്ങൾക്കും ഒരു ഫിസിയോക്കും പോസിറ്റീവ് ആയിട്ടുണ്ട്. ഇത് കൂടത്ര മറ്റു ഏഴ് പേർക്കും പോസിറ്റീവ് ആയതായി ബുണ്ടസ്‌ലിഗ അറിയിച്ചു. ജർമ്മനിയിലെ 36 പ്രൊഫഷണൽ ക്ലബുകൾക്കിടയിലാണ് ഇവർ പ്രാഥമികപരിശോധനനടത്തിയത്.
മുപ്പത്തിയാറ് ക്ലബുകളിലെ താരങ്ങൾ, പരിശീലകർ, സ്റ്റാഫ് എന്നിവരെ ഉൾപ്പെടുത്തി 1724 പേരെയാണ് ബുണ്ടസ്‌ലിഗ അധികൃതർ ആദ്യഘട്ട പരിശോധനയിൽ ഉൾപ്പെടുത്തിയത്. ഇനി ഒരു തവണ കൂടിയും പരിശോധനനടത്തിയേക്കും. നിലവിൽ പോസിറ്റീവ് ആയവരെ ക്വാറന്റയിനിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് മുൻപ് മൂന്ന് ക്ലബിലെ പതിനാല് പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഓഗ്സ്ബർഗ്, ആർബി ലെയ്പ്സിഗ്, ബൊറൂസിയ മോൺചെഗ്ലാഡ്ബാച്ച് എന്നീ ടീമുകളിലെ പതിനാല് പേർക്കായിരുന്നു രോഗം ഉണ്ടായിരുന്നത്. ഇവരെല്ലാവരും തന്നെ നെഗറ്റീവ് ആയി രോഗത്തിൽ മുക്തരായി എന്നും അധികൃതർ അറിയിച്ചു.