തിയാഗോ അൽകാന്ററയെ ബ്രസീലിന് വേണ്ടി കളിപ്പിക്കാൻ കഴിവതും ശ്രമിച്ചുവെന്ന് പിതാവ്

ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം ബയേൺ മ്യൂണിക്ക് നേടിയപ്പോൾ അതിൽ വലിയൊരു പങ്കുവഹിച്ചത് മധ്യനിര താരം തിയാഗോ അൽകാന്ററയായിരുന്നു. മധ്യനിരയിലെ മിന്നും പ്രകടനത്തിന്റെ ഫലമായി താരത്തെ യൂറോപ്പിലെ പ്രമുഖക്ലബുകൾ നോട്ടമിട്ടിരുന്നു. പ്രധാനമായും ലിവർപൂൾ താരത്തെ ക്ലബിൽ എത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. കൂടാതെ സ്പെയിനിന്റെ അടുത്ത മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഇടംനേടാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ യഥാർത്ഥത്തിൽ തിയാഗോ ഒരു ബ്രസീലിയൻ വംശജനാണ്. തിയാഗോയുടെ പിതാവ് മാസിഞ്ഞോ ഒരു മുൻ ബ്രസീലിയൻ താരമായിരുന്നു. കൂടാതെ സഹോദരൻ റഫീഞ്ഞ അൽകാന്ററയും ബ്രസീലിന് വേണ്ടി കളിച്ചിട്ടുണ്ട്. എന്നാൽ ഇറ്റലിയിൽ ജനിച്ച് എഫ്സി ബാഴ്സലോണയിലൂടെ കളിപഠിച്ച താരം സ്പെയിനിന് വേണ്ടി കളിക്കുകയായിരുന്നു. എന്നാൽ താരത്തെ ബ്രസീലിന് വേണ്ടി കളിപ്പിക്കാൻ കഴിവതും ശ്രമിച്ചിരുന്നുവെന്നും എന്നാൽ അത്‌ നടന്നില്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ പിതാവായ മാസിഞ്ഞോ.

കഴിഞ്ഞ ദിവസം ഗ്ലോബോ എസ്പോർട്ടോയോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ” ഇതുവരെ ബ്രസീലിയൻ ഫെഡറേഷൻ താരത്തിന്റെ കാര്യത്തിൽ എന്നോട് ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹത്തെ ബ്രസീലിന് വേണ്ടി കളിപ്പിക്കാൻ കഴിയാവുന്നതെല്ലാം ഞാൻ ചെയ്തിരുന്നു. അദ്ദേഹം ഇരുരാജ്യത്തുമായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നുള്ളത് ഒരു സത്യമായ കാര്യമാണ്. ഞാൻ എന്റെ കരിയർ മുഴുവനായും ബ്രസീലിയൻ ടീമിന് വേണ്ടിയാണ് ചിലവഴിച്ചത്. ഞാനൊരു വേൾഡ് ചാമ്പ്യൻ ആയിരുന്നു. തിയാഗോക്ക് ഒരു അവസരം ലഭിക്കാൻ വേണ്ടി ഞാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. പക്ഷെ അത്‌ സംഭവിച്ചില്ല. പക്ഷെ ഇപ്പോൾ ഞാൻ സന്തോഷവാനാണ്. എന്തെന്നാൽ അവൻ മറ്റൊരു ലക്ഷ്യം നേടിയിരിക്കുന്നു ” മാസിഞ്ഞോ പറഞ്ഞു. സ്പെയിനിന് വേണ്ടി കളിക്കാൻ തിയാഗോക്ക് അവസരം ലഭിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *