ഇന്നത്തെ ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ റൊണാൾഡോ ഉണ്ടാവില്ലേ? വിശദീകരിച്ച് കാസ്ട്രോ.

ഇന്ന് AFC ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ സൗദി അറേബ്യൻ വമ്പൻമാരായ അൽ നസ്ർ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 11:30നാണ് ഈയൊരു മത്സരം നടക്കുക. ഇറാനിയൻ ക്ലബ്ബായ പേർസ്പോളിസാണ് അൽ നസ്റിന്റെ എതിരാളികൾ. ഇറാനിയൻ തലസ്ഥാനമായ ടെഹ്റാനിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക.

ഈ മത്സരത്തിനു മുന്നോടിയായി ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ഷീണിതനാണെന്നും അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ കളിക്കില്ല എന്നുമായിരുന്നു വാർത്ത. എന്നാൽ അൽ നസ്റിന്റെ പരിശീലകനായ ലൂയിസ് കാസ്ട്രോ ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്. റൊണാൾഡോ നല്ല രീതിയിൽ ട്രെയിനിങ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കളിക്കാൻ തയ്യാറായിക്കഴിഞ്ഞു എന്നുമാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.കാസ്ട്രോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച രീതിയിലാണ് പരിശീലനത്തിൽ കളിച്ചിട്ടുള്ളത്. മാത്രമല്ല അദ്ദേഹം കളിക്കാൻ റെഡിയാണ് എന്നത് പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുമുണ്ട്.ടീം ഇതുവരെ നിശ്ചയിച്ചിട്ടില്ല. അത് ഉടനെ ഉണ്ടാവും ” ഇതാണ് അൽ നസ്ർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

AFC ചാമ്പ്യൻസ് ലീഗിന്റെ നിയമപ്രകാരം 5 വിദേശ താരങ്ങളെ മാത്രമേ കളിപ്പിക്കാൻ സാധിക്കുകയുള്ളൂ.ഇത് അൽ നസ്റിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.ആരൊക്കെയാണ് മത്സരത്തിൽ പങ്കെടുക്കുന്ന വിദേശ താരങ്ങൾ എന്നുള്ളത് വ്യക്തമല്ല. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ഉറപ്പാണ് എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിനായി പുറത്തെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *