നെയ്മറെയും എംബപ്പേയെയും എങ്ങനെ തടയും? പദ്ധതി വ്യക്തമാക്കി ഫ്ലിക്ക്!

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിയും ബയേണും ഒരിക്കൽ കൂടി മുഖാമുഖം വരികയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ആദ്യപാദത്തിൽ ബയേണിനെ അവരുടെ മൈതാനത്ത് വെച്ച് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു വിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് പിഎസ്ജി. ഇരട്ടഗോളുകൾ നേടിയ എംബപ്പേയും ഇരട്ടഅസിസ്റ്റുകൾ നേടിയ നെയ്മർ ജൂനിയറുമായിരുന്നു ബയേണിനെ വരിഞ്ഞു മുറുക്കിയത്. ഏതായാലും ജയം മാത്രം ലക്ഷ്യമിട്ട് നിലവിലെ ചാമ്പ്യൻമാരായ ബയേൺ കളത്തിലേക്കിറങ്ങുമ്പോൾ അവരുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി നെയ്മറെയും എംബപ്പേയെയും പൂട്ടുക എന്നുള്ളതാണ്. ഇതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞതായി പ്രഖ്യാപിച്ചിരിക്കുകയാണ് ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്ക്.ഇരുവർക്കും മധ്യനിരയിൽ വെച്ച് ബോൾ ലഭിക്കുന്നത് തടയും എന്നാണ് ഫ്ലിക്ക് അറിയിച്ചിട്ടുള്ളത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് ബയേൺ പരിശീലകൻ ഇരുവരെയും കുറിച്ച് സംസാരിച്ചത്.

” ഞങ്ങൾ ഒരിക്കൽ കൂടി പിഎസ്ജിക്കെതിരെ മത്സരത്തിനിറങ്ങുകയാണ്.അവർ രണ്ട് പേരെയും മധ്യനിരയിൽ തന്നെ തടയാൻ ഞങ്ങൾ ശ്രമിക്കും. അതായത് മധ്യനിരയിൽ വെച്ച് അവർക്ക് ബോൾ ലഭിക്കുന്നത് ഞങ്ങൾ ഇല്ലാതാക്കും.എനിക്ക് രണ്ട് താരങ്ങളെയും ഇഷ്ടമാണ്.നെയ്മർ മികച്ച ഒരു താരമാണ്.വൺ-ഓൺ-വൺ സാഹചര്യങ്ങളിൽ നെയ്മർ ഏറെ മികവ് പുലർത്താറുണ്ട്.അത്പോലെ തന്നെ പന്ത് ലഭിച്ചാൽ അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള താരമാണ് അദ്ദേഹം.അതേസമയം എംബപ്പേയും അത്ഭുതപ്പെടുത്തുന്ന താരമാണ്.എനിക്കുറപ്പുണ്ട് അദ്ദേഹം ഒരു നാൾ ബാലൺ ഡിയോർ വിജയിക്കുമെന്ന്.അദ്ദേഹം വേഗതയും ടെക്നിക്കുമുള്ളവനാണ്.അദ്ദേഹം ഒരുപാട് ഗോളുകൾ നേടിയിട്ടുണ്ട്. ഈ പ്രായത്തിൽ തന്നെ ഈ പക്വതയും ഈ പ്രതിഭയും കാണിക്കുന്നു എന്നുള്ളത് പ്രശംസിക്കപ്പെടേണ്ടതാണ് ” ഹാൻസി ഫ്ലിക്ക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!