ജോട്ടയുടെ മിന്നും ഫോം കാരണം ഫിർമിഞ്ഞോയെ തഴയുമോ? ക്ലോപ് പറയുന്നു !

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അറ്റലാന്റയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ക്ലോപിന്റെ സംഘം തകർത്തു വിട്ടത്. മത്സരത്തിൽ ഡിയോഗോ ജോട്ടയുടെ ഹാട്രിക്കാണ് ലിവർപൂളിന് ഈ ഉജ്ജ്വലവിജയം നേടികൊടുത്തത്. വോൾവ്‌സിൽ നിന്നും ഈ സമ്മറിൽ ടീമിൽ എത്തിയ ജോട്ട ഇതുവരെ ഏഴ് ഗോളുകൾ കണ്ടെത്തി കഴിഞ്ഞു. ഇന്നലത്തെ മത്സരത്തിൽ ഫിർമിഞ്ഞോയെ ഒഴിവാക്കികൊണ്ടായിരുന്നു ജോട്ടക്ക് ക്ലോപ് സ്ഥാനം നൽകിയത്. അത് താരം മുതലെടുക്കുകയും ചെയ്തു. എന്നാൽ ഈ താരത്തിന്റെ ഈ മിന്നും ഫോം ഫിർമിഞ്ഞോയെ തഴയാൻ കാരണമാവുമോ എന്നുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് പരിശീലകൻ ക്ലോപ്. നല്ല പ്രകടനങ്ങൾ തനിക്കൊരിക്കലും തലവേദനയാവാറില്ലെന്നും ഒരു താരം ഫോമിൽ കളിക്കുമ്പോൾ നിങ്ങൾ എന്തിനാണ് മറ്റേ താരത്തെ സംസാരിക്കുന്നതെന്നും ഫിർമിഞ്ഞോ ലിവർപൂളിന് ഏറെ പ്രധാനപ്പെട്ട താരമാണെന്ന കാര്യം മറക്കരുതെന്നും ക്ലോപ് പറഞ്ഞു. ഫിർമിഞ്ഞോ ഇല്ലാതെ നമ്മൾ ചാമ്പ്യൻസ് ലീഗിൽ പോലും എത്തില്ലായിരുന്നു എന്ന കാര്യം വിസ്മരിക്കരുതെന്നും ക്ലോപ് അറിയിച്ചു.

” നല്ല പ്രകടനങ്ങൾ ഒരിക്കലും എനിക്ക് തലവേദനയാവാറില്ല. ഇന്നത്തെ തീരുമാനം ക്ലിയറായിരുന്നു. ജോട്ടയെ നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞു. ജോട്ടയുടെ മികവ് അറ്റലാന്റക്കെതിരെ നന്നായി ഉപയോഗപ്പെടുകയും ചെയ്തു. ഏതെങ്കിലും ഒരു താരം മിന്നിതിളങ്ങിയാൽ പലരും ഉടനടി സംസാരിക്കുന്നത് മറ്റേ താരത്തെ കുറിച്ചാണ്. അതും ഒരുപാട് കാലം കളിച്ചു പരിചയമുള്ള താരത്തെ കുറിച്ച്. ഫിർമിഞ്ഞോയില്ലാതെ നമ്മൾ ചാമ്പ്യൻസ് ലീഗിൽ പോലും എത്തുമായിരുന്നില്ല. അദ്ദേഹം ടീമിലുള്ള താരമാണ്. നിങ്ങൾ പലരോടും എന്താണ് ലിവർപൂളിന്റെ പ്രത്യേകത എന്ന് ചോദിച്ചാൽ അവിടെ ഫിർമിഞ്ഞോ കളിക്കുന്നുണ്ട് എന്നാണ് നിങ്ങൾക്ക് ഉത്തരം ലഭിക്കുക. ഞങ്ങൾക്ക് ഒരുപാട് മികച്ച താരങ്ങൾ ഉണ്ട് എന്നുള്ളതാണ് സത്യം. ജോട്ട നല്ല രീതിയിൽ കളിക്കുന്നത് കൊണ്ട് നമ്മൾ ഫിർമിഞ്ഞോയെ കുറിച്ച് സംസാരിക്കേണ്ട ആവിശ്യമില്ല. കാരണം അതൊന്നും എനിക്കൊരിക്കലും ഒരു പ്രശ്നമല്ല. ഇന്നത്തെ മത്സരത്തിൽ ഞങ്ങൾ മിന്നും പ്രകടനം കാഴ്ച്ചവെച്ചതിൽ ഞാൻ സന്തോഷവാനാണ് ” ക്ലോപ് മത്സരശേഷം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!