എൽ ക്ലാസിക്കോക്ക് ഒരുങ്ങണം, ചാമ്പ്യൻസ് ലീഗിൽ സൂപ്പർ താരങ്ങളെ കൂമാൻ പുറത്തിരുത്തും !

കഴിഞ്ഞ ലീഗ് മത്സരത്തിൽ അപ്രതീക്ഷിതമായ തോൽവി ഏറ്റുവാങ്ങേണ്ടി വന്നവരാണ് എഫ്സി ബാഴ്സലോണ. മത്സരത്തിൽ ഗെറ്റാഫെയോടായിരുന്നു എതിരില്ലാത്ത ഒരു ഗോളിന് കൂമാന്റെ ബാഴ്സ ആദ്യമായി തോറ്റത്. നിർണായക മത്സരങ്ങൾ മുന്നിൽ നിൽക്കെ ആ ഞെട്ടിക്കുന്ന ഏറ്റുവാങ്ങേണ്ടി വന്നത് കൂമാന് ശരിക്കും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇനി ലീഗിൽ റയൽ മാഡ്രിഡിനെയാണ് ബാഴ്സക്ക് നേരിടാനുള്ളത്. അതിന് മുമ്പ് ചാമ്പ്യൻസ് ലീഗിൽ ഫെറെൻക്വെറോസിനെ ബാഴ്സക്ക് നേരിടാനുണ്ട്. ഈ ഹങ്കേറിയൻ ക്ലബിനെതിരെയുള്ള മത്സരത്തിൽ നിർണായകമാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് കൂമാൻ. സൂപ്പർ താരങ്ങളെയെല്ലാം പുറത്തിരുത്തി യുവതാരങ്ങൾക്ക് അവസരം നൽകാനാണ് കൂമാൻ ആലോചിക്കുന്നത്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ഫിലിപ്പെ കൂട്ടീഞ്ഞോ, അൻസു ഫാറ്റി എന്നിവർ തിരിച്ചെത്തിയേക്കും. കൂടാതെ പരിക്ക് മാറിയ ജൂനിയർ ഫിർപ്പോ, റൊണാൾഡ് അരൗഹോ എന്നിവരും ബാഴ്സയുടെ ഡിഫൻസിൽ ഉണ്ടാവും. അതേസമയം പരിക്കേറ്റ ടെർ സ്റ്റീഗന് പകരമായി നെറ്റോ ഇരുമത്സരങ്ങളിലും വലകാക്കും. കാർലെസ് അലേന, ട്രിൻക്കാവോ, പെഡ്രി, റിക്കി പുജ്‌, മിറാലം പ്യാനിക്ക് എന്നിവരെയെല്ലാം ആദ്യ ഇലവനിൽ കളിപ്പിക്കാനാണ് കൂമാൻ പദ്ധതി ഇട്ടിരിക്കുന്നത്. ഇതിനാൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ജെറാർഡ് പിക്വേ, സെർജിയോ ബുസ്ക്കെറ്റ്സ്, അന്റോയിൻ ഗ്രീസ്‌മാൻ എന്നിവരെല്ലാം തന്നെ പുറത്തിരിക്കേണ്ടി വന്നേക്കും. റയൽ മാഡ്രിഡും പരാജയമറിഞ്ഞു കൊണ്ടാണ് വരുന്നത് എന്നുള്ളത് ബാഴ്സക്ക് ആശ്വാസമാണ്. എന്നാൽ അതിന് ശേഷം യുവന്റസിനെയും ബാഴ്‌സക്ക് ചാമ്പ്യൻസ് ലീഗിൽ നേരിടേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!