എംബപ്പേയുടെയും നെയ്മറുടെയും മികവിൽ ബയേണിനെ കീഴടക്കി പിഎസ്ജി, ചെൽസിക്കും വിജയം!

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പിഎസ്ജിക്ക് വിജയം. കരുത്തരായ ബയേണിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി കീഴടക്കിയത്. അടിയും തിരിച്ചടിയുമായി ആവേശം നിറഞ്ഞ ഒരു മത്സരമായിരുന്നു ബയേണിന്റെ മൈതാനത് അരങ്ങേറിയത്. ഇരട്ടഗോളുകൾ നേടിക്കൊണ്ട് സൂപ്പർ താരം കിലിയൻ എംബപ്പേ തിളങ്ങിയപ്പോൾ ഇരട്ട അസിസ്റ്റുകൾ നേടിക്കൊണ്ട് നെയ്മർ ജൂനിയറും മോശമാക്കിയില്ല. പിഎസ്ജിയുടെ ശേഷിച്ച ഗോൾ മാർക്കിഞ്ഞോസിന്റെ വകയായിരുന്നു.അതേസമയം ചോപോ മോട്ടിങ്, തോമസ് മുള്ളർ എന്നിവരാണ് ബയേണിന് വേണ്ടി വലകുലുക്കിയത്.

മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ എംബപ്പേ നെയ്മറുടെ പാസിൽ നിന്ന് ഗോൾ കണ്ടെത്തി.28-ആം മിനുട്ടിൽ നെയ്മറുടെ മനോഹരമായ അസിസ്റ്റിൽ നിന്നും മാർക്കിഞ്ഞോസും ഗോൾ കണ്ടെത്തിയതോടെ പിഎസ്ജിയുടെ ലീഡ് രണ്ടായി.എന്നാൽ 37-ആം മിനുട്ടിൽ പവാർഡിന്റെ അസിസ്റ്റിൽ നിന്ന് മോട്ടിങ്ങും 60-ആം മിനിറ്റിൽ കിമ്മിക്കിന്റെ അസിസ്റ്റിൽ നിന്ന് മുള്ളറും ഗോൾ കണ്ടെത്തിയതോടെ മത്സരം 2-2 ആയി.എന്നാൽ 68-ആം മിനുട്ടിൽ ഡിമരിയയുടെ അസിസ്റ്റിൽ നിന്ന് എംബപ്പേ ഗോൾ നേടിയതോടെ പിഎസ്ജി ജയം കരസ്ഥമാക്കുകയായിരുന്നു. അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ചെൽസി പോർട്ടോയെ കീഴടക്കി.എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം.മൗണ്ട്, ചിൽവെൽ എന്നിവരാണ് ഗോളുകൾ നേടിയത്.ഇതോടെ പോർട്ടോക്ക് അടുത്ത പാദം നിർണായകമായി.

0 Comments

No Comment.

error: Content is protected !!