അദ്ദേഹമില്ലാതെ തന്നെയാണ് കോപ്പ അമേരിക്കക്ക് ശേഷം ടീം കളിച്ചത്: ഡി മരിയക്ക് മറുപടിയുമായ് സ്കലോനി

തന്നെ അർജൻ്റീന ദേശീയ ടീമിൽ ഉൾപ്പെടുത്താതിനെക്കുറിച്ച് ഏഞ്ചൽ ഡി മരിയ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടിയുമായി അർജൻ്റൈൻ പരിശീലകൻ ലയണൽ സകലോനി രംഗത്ത്. മികച്ച ഫോമിൽ കളിച്ചിട്ടും തന്നെ ടീമിലെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും തനിക്ക് 32 വയസ്സായതാണ് പ്രശ്നമെങ്കിൽ മറ്റു സീനിയർ താരങ്ങൾക്കും ഇത് ബാധകമല്ലേ എന്നും ഡി മരിയ ചോദിച്ചിരുന്നു. ഇതിനാണിപ്പോൾ സ്കലോനി മറുപടി പറഞ്ഞിരിക്കുന്നത്. ഡി മരിയ ഇല്ലാതെ തന്നെയാണ് കോപ്പ അമേരിക്കക്ക് ശേഷം ടീം നന്നായി കളിച്ചതെന്നും യുവതാരങ്ങൾ നന്നായി കളിക്കുന്നുണ്ട്, അതിനാൽ ഡി മരിയയുടെ രോഷപ്രകടനം താൻ കാര്യമാക്കുന്നില്ല എന്നുമാണ് സ്കലോനി പറഞ്ഞിരിക്കുന്നത്.

സ്കലോനിയുടെ വാക്കുകൾ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നതിങ്ങനെ: “അദ്ദേഹത്തിൻ്റെ രോഷ പ്രകടനത്തെ ഞാൻ മാനിക്കുന്നു, പക്ഷേ കാര്യമാക്കുന്നില്ല. കോപ അമേരിക്കക്ക് ശേഷമുള്ള ആറ് മത്സരങ്ങൾ ഡി മരിയ ഇല്ലാതെ തന്നെയാണ് ടീം നന്നായി കളിച്ചത്. അദ്ദേഹം ഇല്ലാതെ തന്നെ ടീം മികച്ച പ്രകടനം നടത്തുന്നു, അതു കൊണ്ട് തന്നെ ഡി മരിയയെ ടീമിൽ ഉൾപ്പെടുത്തിയില്ല. അതിനർത്ഥം ഈ സെലക്ഷനിൽ ഉൾപ്പെടുത്തിയില്ല എന്ന് മാത്രമാണ്. എക്കാലത്തും ടീമിൽ നിന്നും പുറത്തായി എന്നല്ല”. സ്കലോനി വിശദീകരിച്ചു. സൗത്തമേരിക്കൻ മേഘലാ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒക്‌ടോബർ മാസത്തിൽ അർജൻ്റീന രണ്ട് മത്സരങ്ങളാണ് കളിക്കുന്നത്. ഒക്ടോബർ 8ന് ഇക്വഡോറിനെതിരെയും (ഇന്ത്യൻ സമയം ഒക്ടോബർ 9 പുലർച്ചെ 5.40) ഒക്ടോബർ 13ന് (ഇന്ത്യൻ സമയം ഒക്ടോബർ 14 പുലർച്ചെ 1:30) ബൊളിവിയക്കെതിരെയുമാണ് ആ മത്സരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!