ഒഫീഷ്യൽ : തിയാഗോ സിൽവ ഇനി ചെൽസിയുടെ പ്രതിരോധകോട്ട കാക്കും !

അങ്ങനെ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് ഔദ്യോഗികസ്ഥിരീകരണം വന്നിരിക്കുന്നു. പിഎസ്ജിയുടെ ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവയെ തങ്ങൾ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിച്ചതായി ചെൽസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് ചെൽസി ഇക്കാര്യം തങ്ങളുടെ ആരാധകരെ അറിയിച്ചത്. ഈ സീസണോടെ താരത്തിന്റെ പിഎസ്ജിയിൽ ഉള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയിരുന്നു. ഇതോടെ ലാംപാർഡിനെ ചെൽസി താരത്തെ നോട്ടമിടുകയും ടീമിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു. ഒരു വർഷത്തെ കരാറിലാണ് സിൽവ ചെൽസിയിൽ എത്തിയിരിക്കുന്നത്. വരുന്ന സെപ്റ്റംബറിൽ മുപ്പത്തിയാറു വയസ്സ് തികയുന്ന താരത്തെയാണ് ചെൽസി ഇപ്പോൾ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിരിക്കുന്നത്. പ്രായം തളർത്താത്ത പ്രതിഭ തന്നെയാണ് ലംപാർഡ് താരത്തെ ക്ലബിൽ എത്തിക്കാൻ കാരണം.

എട്ട് വർഷം പിഎസ്ജിക്ക് വേണ്ടി കളിച്ച താരമാണ് സിൽവ. ഏഴ് ലീഗ് വൺ കിരീടങ്ങൾ ഉൾപ്പടെ 25-ഓളം കിരീടങ്ങൾ ആകെ പിഎസ്ജിയിൽ സിൽവ നേടിയിട്ടുണ്ട്. പക്ഷെ കന്നി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേണിന് മുന്നിൽ കിരീടം അടിയറവ് വെക്കാനായിരുന്നു താരത്തിന്റെയും പിഎസ്ജിയുടെയും വിധി. 204 ലീഗ് മത്സരങ്ങൾ ആണ് പിഎസ്ജിക്ക് വേണ്ടി താരം കളിച്ചിട്ടുള്ളത്. ഇതിൽ ഇരുന്നൂറ് മത്സരങ്ങളിലും താരം ഫസ്റ്റ് ഇലവനിൽ ഇടം നേടിയിരുന്നു. ഈ മത്സരങ്ങളിൽ 154 മത്സരങ്ങളിലും ജയം കൊയ്യാൻ പിഎസ്ജിക്കായി. ഏതായാലും ഈ സീസണിൽ ഒരുപിടി മികച്ച താരങ്ങളെയാണ് ലംപാർഡ് ടീമിൽ എത്തിച്ചിരിക്കുന്നത്. ചിൽവെല്ലിന് പിന്നാലെയാണ് സിൽവയെയും ചെൽസി സൈൻ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!