റയൽ മാഡ്രിഡ്‌ ഭയക്കണം, ജോട്ട മിന്നും ഫോമിൽ!

ചാമ്പ്യൻസ് ലീഗിൽ ഒരിക്കൽ കൂടി റയൽ മാഡ്രിഡ്‌ ലിവർപൂളിനെ നേരിടുകയാണ്.2018-ലെ ഫൈനലിന് ശേഷം ഇതാദ്യമായാണ് ലിവർപൂളും റയലും മുഖാമുഖം വരുന്നത്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലാണ് റയലും ലിവർപൂളും കൊമ്പുകോർക്കുക. ഏപ്രിൽ ആറാം തിയ്യതിയാണ് ആദ്യപാദ മത്സരം അരങ്ങേറുക. ഏതായാലും ലിവർപൂളിന്റെ നിരയിൽ റയൽ ഭയക്കേണ്ട ഒരു താരമുണ്ട്. പോർച്ചുഗീസ് സൂപ്പർ താരമായ ഡിയോഗോ ജോട്ടയെയാണ് റയൽ കരുതിയിരിക്കേണ്ടത്. താരം മികച്ച ഫോമിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.പോർച്ചുഗല്ലിന് വേണ്ടി ലക്‌സംബർഗിനെതിരെയുള്ള മത്സരത്തിൽ ഒരു ഗോൾ നേടിയ ജോട്ട സെർബിയക്കെതിരെ ഇരട്ടഗോളുകൾ നേടുകയും ചെയ്തിരുന്നു.

ലിവർപൂളിന് വേണ്ടിയും താരം ഉജ്ജ്വലപ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്.കഴിഞ്ഞ സെപ്റ്റംബറിൽ വോൾവ്‌സിൽ നിന്നാണ് അൻപത് മില്യൺ യൂറോക്ക് താരം ആൻഫീൽഡിൽ എത്തിയത്. പ്രീമിയർ ലീഗിൽ 12 മത്സരങ്ങൾ കളിച്ച താരം 6 ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ ചാമ്പ്യൻസ് ലീഗിൽ 4 ഗോളുകളും ജോട്ട നേടിയിട്ടുണ്ട്. ഇതിൽ അറ്റലാന്റക്കെതിരെ താരം ഒരു ഹാട്രിക് നേടുകയും ചെയ്തിരുന്നു.ആകെ ക്ലബ്ബിനും രാജ്യത്തിനുമായി 31 മത്സരങ്ങളിൽ താരം കളിച്ചിട്ടുള്ളത്. ഇതിൽ 18 എണ്ണത്തിൽ മാത്രമാണ് താരം സ്റ്റാർട്ട്‌ ചെയ്തത്. ആകെ 16 ഗോളുകളും താരം നേടിയിട്ടുണ്ട്.അത്പോലെ തന്നെ താരത്തിന്റെ ഡ്രിബ്ലിങ്ങും എടുത്തു പറയേണ്ട ഒന്നാണ്. താരത്തിന്റെ ഡ്രിബ്ലിങ് മികവ് റയൽ പ്രതിരോധനിരക്ക് തലവേദനയാവുമെന്നുറപ്പാണ്. ഏതായാലും പ്രീമിയർ ലീഗിൽ മോശം പ്രകടനമാണ് ലിവർപൂൾ നടത്തുന്നതെങ്കിലും ജോട്ടയുടെ പ്രകടനം അവർക്ക് ആശ്വാസം പകരുന്നതാണ്. 2018-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേറ്റ തോൽവിക്ക് പകരം ചോദിക്കാൻ ലിവർപൂളിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.

0 Comments

No Comment.

error: Content is protected !!