ഗോൾ മഴക്കൊപ്പം ലിവർപൂൾ തീർത്തത് റെക്കോർഡുകളുടെ പെരുമഴ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ഇന്നലെ ക്രിസ്റ്റൽ പാലസിനെ തകർത്തത് ഏകപക്ഷീയമായ 7 ഗോളുകൾക്കാണ്. ക്രിസ്റ്റൽ പാലസിൻ്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ലിവർപൂളിനായി റോബർട്ടോ ഫിർമിനോയും മുഹമ്മദ് സലാഹും ഇരട്ട ഗോളുകളും സാദിയോ മാനേ, ടക്കൂമി മിനാമിനോ, ജോർഡൻ ഹെൻഡേഴ്സൺ എന്നിവർ ഓരോ ഗോളുകളും നേടി. ഈ വമ്പൻ മാർജിനിലുള്ള വിജയത്തോടൊപ്പം നിരവധി റെക്കോർഡുകളാണ് ലിവർപൂൾ സ്വന്തമാക്കിയിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂൾ കുറിച്ച പ്രധാന റെക്കോർഡുകൾ:

  • ലിവർപൂൾ നേടിയ 7 ഗോളുകൾക്കും അസിസ്റ്റ് നൽകിയത് 7 വ്യത്യസ്ത താരങ്ങളായിരുന്നു. മാനേ, ഫിർമിനോ, റോബർട്സൺ, അലെക്സാണ്ടർ അർനോൾഡ്, സലാഹ്, മാറ്റിപ്, ഒക്സ്ലേഡ് – ചേമ്പർലെയ്ൻ എന്നിവരാണ് അസിസ്റ്റുകൾ സ്വന്തമാക്കിയത്. ഒരു മത്സരത്തിൽ 7 വ്യത്യസ്ത താരങ്ങൾ അസിസ്റ്റുകൾ സ്വന്തമാക്കുന്നത് പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ ആദ്യമാണ്!
  • ക്രിസ്റ്റൽ പാലസിനെതിരെയുള്ള മത്സരത്തിലെ വിജയം ലിവർപൂൾ പരിശീലകൻ എന്ന നിലയിൽ പ്രീമിയർ ലീഗിൽ യർഗൻ ക്ലോപ്പിൻ്റെ നൂറ്റിഇരുപത്തിഏഴാമത്തെ വിജയമായിരുന്നു. ഇതോടുകൂടി പ്രീമിയർ ലീഗിൽ ഏറ്റവും അധികം വിജയങ്ങൾ സ്വന്തമാക്കുന്ന ലിവർപൂൾ പരിശിലകനായി അദ്ദേഹം മാറി. റാഫേൽ ബെനീറ്റസിനെയാണ് അദ്ദേഹം മറികടന്നത്.
  • പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ലിവർപൂൾ ഒരു എവേ മത്സരത്തിൽ 7 ഗോളുകൾക്ക് വിജയിക്കുന്നത്.
  • ഈ മത്സരത്തിൽ സബ്സ്റ്റ്യൂട്ട് താരമായിട്ട് കളത്തിലിറങ്ങിയ മുഹമ്മദ് സലാഹ് 2 ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ലിവർപൂളിൻ്റെ ഒരു സബ്സ്റ്റിറ്റ്യൂട്ട് താരം മൂന്ന് ഗോളുകളിൽ പങ്കാളിയാവുന്നത്.
  • സലാ-ഫിർമിനോ സഖ്യം ഇതുവരെ 17 പ്രീമിയർ ലീഗ് ഗോളുകളാണ് ലിവർപൂളിനായി നേടിയത്. ഇക്കാര്യത്തിൽ സ്റ്റീവ് മക്മനാമൻ – റോബി ഫൗളർ സഖ്യം (24 ഗോളുകൾ) മാത്രമാണ് അവർക്ക് മുന്നിലുള്ളത്.
  • ക്രിസ്റ്റൽ പാലസിനെതിരെയുള്ള കഴിഞ്ഞ 7 പ്രീമിയർ ലീഗ് മത്സരങ്ങളിലും സാദിയൊ മാനേ ഗോൾ നേടി. സ്‌റ്റോക് സിറ്റിക്കെതിരെ തുടർച്ചയായ 8 മത്സരങ്ങളിൽ ഗോൾ നേടിയ റോബിൻ വാൻ പേഴ്സി മാത്രമാണ് തുടർച്ചയായി ഒരേ ടീമിനെതിരെ ഗോളടിച്ച കാര്യത്തിൽ മാനേക്ക് മുന്നിലുള്ളത്.

0 Comments

No Comment.

error: Content is protected !!