സുവാരസിന് പരിക്ക്, അത്ലറ്റിക്കോക്ക് തിരിച്ചടി!

പ്രതിസന്ധികൾക്കിടയിൽ ഒരു തിരിച്ചടി കൂടി ഏറ്റിരിക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡിന്. അവരുടെ സൂപ്പർ താരം ലൂയിസ് സുവാരസിന് പരിക്കേറ്റതാണ് അത്ലറ്റിക്കോക്കും പരിശീലകൻ സിമയോണിക്കും തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പരിശീലനത്തിനിടെയാണ് താരത്തിന് ഇഞ്ചുറിയേറ്റത്.മസിൽ ഇഞ്ചുറിയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.പരിക്ക് എത്രത്തോളം പ്രശ്നമുള്ളതാണെന്നോ എത്ര നാൾ താരം പുറത്തിരിക്കേണ്ടി വരുമെന്നോ വ്യക്തമല്ല.ഏതായാലും അടുത്ത റയൽ ബെറ്റിസിനെതിരെയുള്ള മത്സരത്തിൽ താരത്തിന് കളിക്കാൻ സാധിക്കില്ല എന്നുറപ്പാണ്. അത്‌ പരിക്ക് മൂലമല്ല,മറിച്ച് യെല്ലോ കാർഡുകൾ വഴങ്ങിയതിനാലുള്ളത് സസ്പെൻഷൻ കാരണമാണ്.

ഈ സീസണിൽ അത്ലറ്റിക്കോയുടെ നിർണായകതാരമാണ് സുവാരസ്.19 ഗോളുകളും 2 അസിസ്റ്റുകളും താരം ഈ ലീഗിൽ നേടിയിട്ടുണ്ട്. പക്ഷെ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ അത്ലറ്റിക്കോ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ മത്സരത്തിൽ സെവിയ്യയോട് പരാജയപ്പെട്ടതോടെ നിർണായക പോയിന്റുകൾ അത്ലറ്റിക്കോ നഷ്ടപ്പെടുത്തിയിരുന്നു. ഫലമായി രണ്ടാം സ്ഥാനത്തുള്ള ബാഴ്സയുമായി പോയിന്റ് വിത്യാസം ഒന്നായി കുറയുകയും ചെയ്തിരുന്നു. ഇനിയുള്ള മത്സരങ്ങൾ എല്ലാം തന്നെ വിജയിക്കൽ സിമയോണിയുടെ സംഘത്തിന് അനിവാര്യമാണ്. ഇത്തരമൊരു ഘട്ടത്തിൽ പ്രധാനപ്പെട്ട താരത്തിന് പരിക്കേറ്റത് അത്ലറ്റിക്കോക്ക് വലിയ തിരിച്ചടിയാണ്.ബാഴ്സ വിട്ടതിന് ശേഷം സുവാരസിന് ഇതുവരെ പരിക്കുകൾ ഉണ്ടായിരുന്നില്ല. എന്നാൽ തുടക്കത്തിൽ കോവിഡ് കാരണം കുറച്ചു മത്സരങ്ങൾ നഷ്ടമായിരുന്നു.

0 Comments

No Comment.

error: Content is protected !!