ദിബാല ബാഴ്സയിലേക്ക്? ബാഴ്സയും യുവന്റസും സ്വാപ് ഡീലിനൊരുങ്ങുന്നുവെന്ന് വാർത്ത

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയും യുവന്റസും തമ്മിൽ ഒരു സ്വാപ് ഡീൽ നടത്തിയത്. മധ്യനിര താരമായ ആർതർ യുവന്റസിലെത്തിയപ്പോൾ പകരം മിറലം പ്യാനിച്ച് ബാഴ്സയിലുമെത്തി. വീണ്ടും അത്തരത്തിലുള്ള ഒരു സ്വാപ് ഡീലിനെ കുറിച്ചുള്ള ആലോചനയിലാണ് ബാഴ്സയും യുവന്റസുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്പോർട്ട് ആണ് ഈ വാർത്തയുടെ ഉറവിടം. സൂപ്പർ താരങ്ങളായ പൌലോ ദിബാലയെയും ഉസ്മാൻ ഡെംബലെയെയും പരസ്പരം കൈമാറാനാണ് ഇരു ക്ലബുകളും ആലോചിക്കുന്നത് എന്നാണ് ഇവരുടെ അവകാശവാദം.ഇവരെ ഉദ്ധരിച്ചു കൊണ്ട് ഫുട്ബോൾ ഇറ്റാലിയയും ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

അടുത്ത വർഷം 2022-ലാണ് ദിബാലയുടെ യുവന്റസുമായുള്ള കരാർ അവസാനിക്കുക. താരത്തിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. താരം വരുന്ന സമ്മറിൽ ക്ലബ് വിടുമോ ഇല്ലയോ എന്നുള്ളത് ഉറപ്പായിട്ടില്ല. യുവന്റസിനാവട്ടെ താരത്തെ നിലനിർത്താൻ വലിയ താല്പര്യവുമില്ല. കഴിഞ്ഞ സമ്മറിൽ ലുക്കാക്കു-ദിബാല സ്വാപ് ഡീലിന് വേണ്ടി ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും അത്‌ ദിബാല തന്നെ നിരസിക്കുകയായിരുന്നു. ഡെംബലെക്കും ബാഴ്സയുമായി കരാർ അവശേഷിക്കുന്നുണ്ട്. താരം ഫോം വീണ്ടെടുത്തു വരികയാണ്. കഴിഞ്ഞ സമ്മറിൽ താരം യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും താരം തന്നെ ബാഴ്സയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഏതായാലും സ്വന്തം ക്ലബുകൾ വിട്ട് പോവാൻ താല്പര്യമില്ലാത്ത താരങ്ങൾ തമ്മിലുള്ള ഈ സ്വാപ് ഡീൽ നടക്കുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.

0 Comments

No Comment.

error: Content is protected !!