മെസ്സിയുടെ കണ്ണീർ വീണിട്ട് ഇന്നേക്ക് നാല് വർഷം, നടുക്കുന്ന ഓർമ്മയിൽ റെക്കോർഡ് ലക്ഷ്യം വെച്ച് മെസ്സിയിന്ന് കളത്തിൽ

ഓരോ മെസ്സി-അർജന്റീന ആരാധകനും മറക്കാനാഗ്രഹിക്കുന്ന ഒരു ദിവസമായിരിക്കണം 2016 ജൂൺ 27.കോപ്പ അമേരിക്കയുടെ ഫൈനലിൽ ഒരിക്കൽ കൂടി ചിലിക്ക് മുൻപിൽ അർജന്റീന കിരീടം കൈവിട്ടപ്പോൾ തകർന്നത് മെസ്സിയുടെ ഹൃദയമായിരുന്നു. അന്ന് കലങ്ങിയ കണ്ണീരുമായി കളം വിട്ട മെസ്സി വേദനയാൽ ഒരു തീരുമാനമെടുത്തു. ഇനി അർജന്റീന ജേഴ്‌സിയണിയാൻ താൻ ഉണ്ടാവില്ലെന്ന്.ഫുട്ബോൾ ലോകം ഞെട്ടലോടെയായിരുന്നു ആ വാർത്ത ശ്രവിച്ചിരുന്നുന്നത്. 2014 വേൾഡ് കപ്പ്, 2015 കോപ്പ അമേരിക്ക, 2016 കോപ്പ അമേരിക്ക എന്നീ കിരീടങ്ങൾ കയ്യെത്തും ദൂരത്ത് നഷ്ടമായ വേദനകളായിരുന്നു ആ ഹൃദയം മുഴുവനും. നാല് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ചിലിക്കെതിരെ ഫൈനലിൽ ആദ്യപെനാൽറ്റി എടുത്ത മെസ്സിക്ക് പിഴക്കുകയും ഫലമായി അർജന്റീന വീണ്ടും കിരീടം അടിയറവ് വെക്കുകയുമായിരുന്നു. തോൽവിക്ക് താനാണ് ഉത്തരവാദി എന്ന് വിശ്വസിച്ച മെസ്സി ഇനി തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് മനസ്സിലാക്കി കൊണ്ടായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചത്.

വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് മെസ്സി പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു. ” ഇനി എന്നെ സംബന്ധിച്ചെടുത്തോളം ദേശിയ ടീം എന്നത് അടഞ്ഞ അധ്യായമാണ്. എന്നാൽ ആവുന്നതെല്ലാം ഞാൻ ചെയ്തു. എന്നിട്ടും ഒരു ചാമ്പ്യൻ ആവാൻ കഴിയാത്തത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു. നാല് ഫൈനലുകളിലായി ഞാൻ കിരീടത്തിന് ശ്രമിച്ചു. എനിക്കും മറ്റുള്ള എല്ലാവർക്കും ഇതാണ് നല്ലതെന്നാണ് ഞാൻ വിചാരിക്കുന്നത്. ഒരുപാട് പേർക്കും ഇത് തന്നെയാണ് വേണ്ടത്. കിരീടം നേടാത്തതിൽ അവർ എല്ലാവരും അതൃപ്തരായിരുന്നു. തീർച്ചയായും ഈ വിരമിക്കൽ പ്രഖ്യാപനം ഏറെ പ്രയാസത്തോടെയാണ് ഞാൻ എടുത്തത് ” മെസ്സി പറഞ്ഞതായി ബിബിസി റിപ്പോർട്ട്‌ ചെയ്തു. എന്നാൽ ഫുട്ബോൾ ലോകത്തിന്റെയും ആരാധകരുടെടെയും ആവിശ്യപ്രകാരം മെസ്സി വിരമിക്കൽ പിൻവലിക്കുകയായിരുന്നു. തുടർന്ന് താരം അർജന്റീനക്ക് വേണ്ടി കളത്തിലിറങ്ങി തുടങ്ങുകയും ചെയ്തു. എന്നിരുന്നാലും എല്ലാവരും മറക്കാനാഗ്രഹിക്കുന ദിനമായിരുന്നു അന്ന്. അർജന്റീനയുടെ തോൽവിയും മെസ്സിയുടെ വിരമിക്കലും ഒന്നിച്ചായപ്പോൾ അത് ആരാധകർക്ക് വലിയൊരു ആഘാതമായിരുന്നു ഏൽപ്പിച്ചിരുന്നത്.

എന്നാൽ അതേ മെസ്സി തന്നെ ഇന്ന് ബാഴ്സക്ക് വേണ്ടി കളത്തിലിറങ്ങുന്നുണ്ട്. നടുക്കുന്ന ഓർമ്മകളെ മറക്കാൻ വേണ്ടി ഒരു റെക്കോർഡ് ലക്ഷ്യം വെച്ചാണ് മെസ്സി ഇറങ്ങുന്നത്. തന്റെ പ്രൊഫഷണൽ കരിയറിൽ എഴുന്നൂറ് ഗോളുകൾ എന്ന നേട്ടം കൈവരിക്കാൻ മെസ്സിക്ക് ഇനി ഒരു ഗോൾ മാത്രം മതി. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മെസ്സിക്ക് അവസരമുണ്ടായെങ്കിലും സാധിച്ചില്ല. അതിന്റെ ക്ഷീണം തീർക്കാനുറച്ചാവും മെസ്സി ഇന്ന് കളത്തിലിറങ്ങുക. ബാഴ്സക്ക് വേണ്ടി 629 ഗോളുകളും അർജന്റീനക്ക് വേണ്ടി 70 ഗോളുകളും മെസ്സി നേടി കഴിഞ്ഞു. ഇന്ന് സെൽറ്റ വിഗോക്കെതിരെ എഴുന്നൂറാം ഗോൾ നേടി ആരാധകരെ പ്രതീപ്പെടുത്താനുള്ള ഒരുക്കത്തിലാണ് മെസ്സി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!